ജിദ്ദ: സൗദിയിൽ അടുത്ത വ്യാഴാഴ്ച മുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ ഓൺഡിമാന്റ് വിമാന സർവീസുകൾ നടത്തുന്ന വിദേശ വിമാന കമ്പനികൾക്കുള്ള അനുമതി പ്രാബല്യത്തിൽ വരും. വ്യക്തിയോ കമ്പനിയോ സർക്കാർ ഏജൻസിയോ ആകട്ടെ, ഉപഭോക്താവിന്റെ അപേക്ഷയെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വിമാന സർവീസുകളെയാണ് ഓൺഡിമാന്റ് സർവീസുകളായി നിർവചിക്കുന്നത്.
വിമാന റൂട്ട്, തിയ്യതി, സമയം, യാത്രക്കാരുടെ എണ്ണം എന്നിവ ഉപഭോക്താവ് നിർണയിക്കുന്നു. ഈ അപേക്ഷ നിറവേറ്റാൻ ആവശ്യമായ വിമാനങ്ങളും സേവനങ്ങളും വിമാന കമ്പനി നൽകുന്നു.
രാജ്യത്തുടനീളം പുതിയ വിമാനത്താവളങ്ങളുടെയും ടെർമിനലുകളുടെയും നിർമാണം ഉൾപ്പെടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനോടൊപ്പം ആഭ്യന്തര വ്യോമയാന മേഖലയിൽ മത്സരം വർധിപ്പിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനും വിമാന കമ്പനികൾക്ക് കൂടുതൽ വഴക്കം നൽകാനുമുള്ള പ്രധാന ചുവടുവെപ്പാണ് ആഭ്യന്തര വിമാന സർവീസ് നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത്. സൗദി അറേബ്യയെ പ്രാദേശിക വ്യോമയാന കേന്ദ്രമാക്കി മാറ്റലും ഇതിന്റെ ലക്ഷ്യമാണ്.
സൗദി വിഷൻ 2030 പ്രാപ്തമാക്കുക, സൗദി വ്യോമയാന മേഖലയെ മിഡിൽ ഈസ്റ്റിലെ മുൻനിര മേഖലയാക്കുക, പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായി ഉയർത്തുക, പ്രതിവർഷ എയർ കാർഗോ ശേഷി 45 ലക്ഷം ടണ്ണായി ഉയർത്തുക, 2030 ആകുമ്പോഴേക്കും സൗദി വിമാനത്താവളങ്ങളിലേക്കും തിരിച്ചും സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയി ഉയർത്തുക, എയർ കണക്റ്റിവിറ്റി വർധിപ്പിക്കുക എന്നിവ നാഷണൽ സിവിൽ ഏവിയേഷൻ സ്ട്രാറ്റജി ലക്ഷ്യമിടുന്നു.