ജിദ്ദ – കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനി വിരലുകള്‍ വേണ്ട, പുതിയ നേട്ടവുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സ്ഥാപിച്ച സൗദി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഹ്യൂമൈന്‍. വോയ്‌സ് കമാന്‍ഡഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഈ ആഴ്ച പുറത്തിറക്കാന്‍ കമ്പനി തയാറെടുക്കുകയാണ്. ഇത് ഉപയോക്താക്കളെ കമ്പ്യൂട്ടറുമായി സംസാരിക്കാനും നിര്‍ദിഷ്ട ജോലികള്‍ ചെയ്യുന്നതിന് നയിക്കാനും പ്രാപ്തമാക്കുന്നു.
1980കളുടെ മധ്യം മുതല്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ ആധിപത്യം പുലര്‍ത്തുന്ന വിന്‍ഡോസ്, മാക് ഒ.എസ് പോലുള്ള പരമ്പരാഗത ഐക്കണ്‍ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കുള്ള ബദലായി ഹ്യൂമൈന്‍-1 എന്ന് വിളിക്കപ്പെടുന്ന പുതിയ സിസ്റ്റത്തെ കമ്പനി കാണുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഹ്യൂമൈന്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാന്‍ തുടങ്ങി. നിലവില്‍ കമ്പനി പേറോളിലും ഹ്യൂമന്‍ റിസോഴ്സ് സിസ്റ്റങ്ങളിലും ഇത് ആന്തരികമായി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് കമ്പനി വക്താവ് പറഞ്ഞു. പ്രത്യേക ആപ്ലിക്കേഷനുകള്‍ ആക്സസ് ചെയ്യുന്നതിന് ഐക്കണുകളില്‍ ക്ലിക്കുചെയ്യുന്നതിനു പകരം, വാമൊഴിയായി കമാന്‍ഡുകള്‍ നല്‍കാമെന്ന് കമ്പനി സി.ഇ.ഒ താരിഖ് അമീന്‍ റിയാദില്‍ നടന്ന ഫോര്‍ച്യൂണ്‍ ഫോറത്തിനിടെ വിശദീകരിച്ചു. ഏകദേശം ആറ് ജിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാനമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന മറ്റ് കമ്പനികളെ മറികടക്കാന്‍, പുതിയ സിസ്റ്റം വിപണിയില്‍ ആദ്യമായി അവതരിപ്പിക്കാനാണ് ഹ്യൂമൈന്‍ ലക്ഷ്യമിടുന്നത്. കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോക്താവിനും ഉപകരണത്തിനും ഇടയിലുള്ള പ്ലാറ്റ്ഫോമായും ലിങ്കായും പ്രവര്‍ത്തിക്കുകയും ഹാര്‍ഡ്വെയര്‍ ഉറവിടങ്ങള്‍ കൈകാര്യം ചെയ്യുകയും എല്ലാ പ്രോഗ്രാമുകള്‍ക്കും അവശ്യ സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ കീഴില്‍ കഴിഞ്ഞ മെയ് മാസത്തിലാണ് ഹ്യൂമൈന്‍ ആരംഭിച്ചത്. ഡാറ്റാ സെന്ററുകള്‍, എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ് ശേഷികള്‍, നൂതന എ.ഐ മോഡലുകള്‍ എന്നിവയുള്‍പ്പെടെയുള്ള എ.ഐ സേവനങ്ങളും ഉല്‍പ്പന്നങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.



