അബഹ– വ്യാജ വൈദ്യുതി ഉപകരണങ്ങള്‍ കൈവശം വെക്കുകയും വില്‍പനക്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസില്‍ ഖമീസ് മുശൈത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് അസീര്‍ അപ്പീല്‍ കോടതി 500 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തിന്റെയും സ്ഥാപന പ്രതിനിധിയുടെയും പേരുവിവരങ്ങള്‍ വാണിജ്യ മന്ത്രാലയം പരസ്യപ്പെടുത്തി. ഫാത്തിമ ജിബ്‌റാന്‍ മുഹമ്മദ് അല്‍ഖഹ്ത്താനി എസ്റ്റാബ്ലിഷ്‌മെന്റ്, സ്ഥാപന പ്രതിനിധി സൗദി പൗരന്‍ മന്‍സൂര്‍ അലി മുഹമ്മദ് അല്‍ഖഹ്ത്താനി എന്നിവര്‍ക്കാണ് ശിക്ഷ. സ്ഥാപനം മൂന്നു ദിവസത്തേക്ക് അടപ്പിക്കാനും സ്ഥാപനത്തില്‍ കണ്ടെത്തിയ വ്യാജ ഉപകരണങ്ങള്‍ നശിപ്പിക്കാനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും സൗദി പൗരന്റെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും സൗദി പൗരന്റെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
ഖമീസ് മുശൈത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയില്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത 60 ഇലക്ട്രിക്കല്‍ എക്‌സ്റ്റന്‍ഷന്‍ കേബിളുകളും പ്ലഗുകളും കണ്ടെത്തി പിടിച്ചെടുക്കുകയും ഉപകയോക്താക്കളുടെ സുരക്ഷക്ക് അപകടകരമാണെന്ന് കണ്ട് അവ നശിപ്പിക്കുകയുമായിരുന്നു. സൗദിയില്‍ വാണിജ്യ വഞ്ചനാ കേസിലെ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.



