മനാമ– 85 വർഷത്തെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും സാക്ഷ്യമായി നിലകൊള്ളുന്ന മാതൃദേവാലയമായ ബഹ്‌റൈനിലെ സേക്രഡ് ഹാർട്ട് കത്തോലിക്കാ ദേവാലയം തിരുഹൃദയത്തിന്റെ വികാരിയേറ്റ് തീർത്ഥാടന കേന്ദ്രമായി’ പ്രഖ്യാപിച്ചു. .കഴിഞ്ഞ ദിവസം നടന്ന ഭക്തിനിർഭരമായ ചടങ്ങിലാണ് ദേവാലയത്തെ തീർത്ഥാടന കേന്ദ്രമായി’ പ്രഖ്യാപിച്ചത്. വടക്കൻ അറേബ്യയുടെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് ആൽഡോ ബെറാർഡി മുഖ്യകാർമ്മികത്വം വഹിച്ച ദിവ്യബലിയിലാണ് ഈ ചരിത്രപരമായ പ്രഖ്യാപനവും സമർപ്പണവും നടത്തി. തീർത്ഥാടന കേന്ദ്രത്തിന്റെ ആദ്യത്തെ റെക്ടർ ആയി തിരുഹൃദയ ദേവാലയം ഇടവക വികാരി ഫ്രാൻസിസ് ജോസഫ് പടവുപുരക്കൽ നിയമിതനായി.
ബഹ്‌റൈൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വടക്കൻ അറേബ്യൻ വികാരിയേറ്റിന്റെ ആത്മീയ തീർത്ഥാടന കേന്ദ്രമായി ഇനി ഈ പള്ളി മാറും. തീർത്ഥാടകർക്ക് തിരുഹൃദയത്തോടുള്ള ഭക്തിയിൽ ആഴപ്പെടാനും, തങ്ങളുടെ വിശ്വാസയാത്രക്ക് ശക്തിപകരാനും ഈ ദേവാലയം വലിയൊരു കാരണമാകും. ഈ മേഖലയിൽ കത്തോലിക്കാ സഭയുടെ സാന്നിധ്യത്തെയും ദൗത്യത്തെയും കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. 85 വർഷക്കാലം ആയിരക്കണക്കിന് വിശ്വാസികൾക്ക് ആത്മീയമായി അഭയവും ആശ്വാസവും നൽകിയ ഈ മാതൃദേവാലയം, ഇനിമുതൽ ഒരു വികാരിയേറ്റ് തീർത്ഥാടന കേന്ദ്രമായി മാറുമ്പോൾ, തിരുഹൃദയത്തിന്റെ അനന്തമായ സ്‌നേഹം കൂടുതൽ പേരിലേക്ക് പകരപ്പെടുമെന്ന് ദേവാലയം അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.



