ജിദ്ദ – സൗദിയില്‍ റോഡ് അറ്റകുറ്റപ്പണി മേഖലയില്‍ റോഡ്‌സ് ജനറല്‍ അതോറിറ്റി റോബോട്ട് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തുടങ്ങി. മഴക്കാലത്ത് അടക്കം സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ഗതാഗത സുരക്ഷാ നിലവാരം ഉയര്‍ത്താനുമുള്ള അതോറിറ്റിയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് കള്‍വെര്‍ട്ടുകള്‍ (ഓവുചാലുകൾ) വൃത്തിയാക്കാന്‍ റോബോട്ട് ഉപയോഗിക്കുന്നത്.
വിശ്വസനീയവും ഉയര്‍ന്ന നിലവാരമുള്ളതുമായ റോഡ് ശൃംഖല ലഭ്യമാക്കുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.
ഇടുങ്ങിയതും താഴ്ന്നതുമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള മികച്ച കഴിവ് അടക്കം കള്‍വെര്‍ട്ട് ക്ലീനിംഗ് റോബോട്ടിന് സാങ്കേതികവും പ്രവര്‍ത്തനപരവുമായ വിപുലമായ സവിശേഷതകള്‍ ഉണ്ടെന്ന് റോഡ്‌സ് ജനറല്‍ അതോറിറ്റി വിശദീകരിച്ചു. ഒതുക്കമുള്ള രൂപകല്‍പ്പനയും ഭൂനിരപ്പിന് മുകളില്‍ ക്രമീകരിക്കാവുന്ന ഉയരവുമുള്ള റോബോട്ടിന് പരിമിതമായ ഉയരങ്ങളുള്ള കള്‍വെര്‍ട്ടുകളില്‍ കാര്യക്ഷമമായി പ്രവേശിക്കാന്‍ സാധിക്കും.
തൊഴിലാളികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ റോബോട്ട് സഹായിക്കുന്നു. റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ട് അടച്ചിട്ടതോ അപകടകരമോ ആയ പ്രദേശങ്ങളില്‍ ജീവനക്കാര്‍ പ്രവേശിക്കേണ്ട ആവശ്യകത ഗണ്യമായി കുറക്കുന്നു. മഴക്കാലത്ത് ഓവുപാലങ്ങള്‍ക്കുള്ളിലെ ജലപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന ചെളി, മണല്‍, അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ തുടങ്ങിയ വിവിധ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ റോബോട്ട് ഉയര്‍ന്ന കാര്യക്ഷമത പ്രകടിപ്പിക്കുന്നു.
കാര്‍ബണ്‍ ബഹിര്‍ഗമന മുക്തമായ റോബോട്ടിന്റെ നിശബ്ദമായ പ്രവര്‍ത്തനം ശബ്ദ കോലാഹലം ഇല്ലാതാക്കുന്നു. ഇതടക്കമുള്ള പാരിസ്ഥിതിക ഗുണങ്ങളും റോബോട്ടിനുണ്ട്. പരിമിതമായ വായുസഞ്ചാരം കാരണം ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അടഞ്ഞ കള്‍വെര്‍ട്ടുകള്‍ക്കുള്ളില്‍ ഇത് ഉപയോഗിക്കാന്‍ ഈ സവിശേഷതകള്‍ അനുവദിക്കുന്നു.
റോബോട്ട് കൊണ്ടുപോകാനും പ്രവര്‍ത്തിപ്പിക്കാനും എളുപ്പമാണ്. വിവിധ ജോലിസ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ കൊണ്ടുപോകാനും സങ്കീര്‍ണമായ സജ്ജീകരണങ്ങളുടെ ആവശ്യമില്ലാതെ ഉടനടി പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഓഫാക്കിയിടേണ്ട സമയവും ആനുകാലിക അറ്റകുറ്റപ്പണികളും കുറക്കാനും റോബോട്ട് സഹായിക്കുന്നു. ഇത് അറ്റകുറ്റപ്പണികള്‍ ത്വരിതപ്പെടുത്തുകയും വൃത്തിയാക്കല്‍ ജോലികള്‍ക്കിടെ റോഡുകളും തുരങ്കങ്ങളും അടക്കേണ്ടിവരുന്ന സമയ ദൈര്‍ഘ്യം കുറക്കുകയും ചെയ്യുന്നു.
2030 ആകുമ്പോഴേക്കും ആഗോള റോഡ് ഗുണനിലവാര സൂചികയില്‍ ആറാം സ്ഥാനത്തെത്തുക, റോഡപകട മരണങ്ങള്‍ ഒരു ലക്ഷം പേരില്‍ അഞ്ചില്‍ താഴെയായി കുറക്കുക, ഇന്റര്‍നാഷണല്‍ റോഡ് അസസ്മെന്റ് പ്രോഗ്രാം വര്‍ഗീകരണം അനുസരിച്ച് ഗതാഗത സുരക്ഷാ സംവിധാനങ്ങള്‍ റോഡ് ശൃംഖലയില്‍ ഏര്‍പ്പെടുത്തുക, റോഡ് ശൃംഖലയുടെ ശേഷിക്ക് അനുസൃതമായി വിപുലമായ സേവനങ്ങള്‍ നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാനായി നിരവധി സുപ്രധാന പദ്ധതികളും സംരംഭങ്ങളും നടപ്പാക്കുന്നത് തുടരുകയാണെന്ന് റോഡ്‌സ് ജനറല്‍ അതോറിറ്റി വ്യക്തമാക്കി