റിയാദ് – റിയാദ് സീസണ്‍ സന്ദര്‍ശകര്‍ ഇതിനകം ഇരുപതു ലക്ഷം കവിഞ്ഞതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് അറിയിച്ചു.
ഒക്ടോബര്‍ 10 നാണ് ഇത്തവണത്തെ റിയാദ് സീസണ്‍ പ്രോഗ്രാമുകള്‍ക്ക് തുടക്കമായത്. ഒരു മാസത്തിനുള്ളില്‍ റിയാദ് സീസണ്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും മേഖലയിലെയും ലോകത്തിലെയും ഏറ്റവും വലുതും ജനപ്രിയവുമായ വിനോദ കേന്ദ്രമെന്ന സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
മേഖലയിലെ മികച്ച ഉള്ളടക്ക സ്രഷ്ടാക്കളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരെയും ആവേശകരമായ മത്സരങ്ങളില്‍ ഒരുമിച്ച് കൊണ്ടുവന്ന കിംഗ്‌സ് കപ്പ് മെന ടൂര്‍ണമെന്റ്, അന്താരാഷ്ട്ര കായിക താരങ്ങളുടെ പങ്കാളിത്തത്തോടെ റിയാദ് ആതിഥേയത്വം വഹിച്ച പവര്‍ സ്ലാപ്പ് 17 ടൂര്‍ണമെന്റ് എന്നിവ അടക്കം ഇത്തവണത്തെ റിയാദ് സീസണ്‍ പ്രധാനവും ശ്രദ്ധേയവുമായ അന്താരാഷ്ട്ര പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചു.
ആഡംബരവും സര്‍ഗാത്മകതയും സംയോജിപ്പിക്കുന്ന അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അല്‍സുവൈദി പാര്‍ക്ക്, ദി ഗ്രോവ്‌സ് തുടങ്ങിയ വ്യതിരിക്തമായ സോണുകള്‍ തുറക്കുകയും അന അറബിയ എക്‌സിബിഷന്‍, ജ്വല്ലറി സലൂണ്‍ എക്‌സിബിഷന്‍ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര പ്രദര്‍ശനങ്ങളും അതുല്യമായ നിരവധി പ്രോഗ്രാമുകളും ആരംഭിക്കുകയും ചെയ്തു. അനുഭവങ്ങളുടെ വൈവിധ്യത്തിലൂടെയും ആഗോള പങ്കാളിത്തങ്ങളിലൂടെയും വിനോദ വ്യവസായത്തില്‍ റിയാദ് സീസണ്‍ മുന്‍നിര സ്ഥാനം ഉറപ്പിക്കുന്നത് തുടരുന്നു. ആഗോള വിനോദത്തിനുള്ള പ്രധാന ലക്ഷ്യസ്ഥാനമായും സര്‍ഗാത്മകതക്കും മികവിനുമുള്ള കേന്ദ്രമായും റിയാദിന്റെ സ്ഥാനം റിയാദ് സീസണ്‍ ഉറപ്പിക്കുകയും ചെയ്യുന്നു.



