റിയാദ് – 2024 ഡിസംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ റിയാദ് മെട്രോ ഉപയോക്താക്കളുടെ എണ്ണം 12 കോടി കവിഞ്ഞതായി റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. ഈ നേട്ടം തലസ്ഥാന നഗരിയില്‍ ഗതാഗത സംവിധാനത്തിന്റെ ഗണ്യമായ വികസനത്തെ പ്രതിഫലിപ്പിക്കുന്നു. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള സമഗ്രമായ കാഴ്ചപ്പാടിനുള്ളില്‍, പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണക്കാനും പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങള്‍ കൈവരിക്കാനും സഹായിക്കുന്ന സുസ്ഥിരവും സുരക്ഷിതവുമായ ഗതാഗത പരിഹാരങ്ങള്‍ നല്‍കുന്നതില്‍ റിയാദ് മെട്രോ വഹിച്ച സുപ്രധാന പങ്ക് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
മെട്രോ സര്‍വീസുകള്‍ റിയാദ് നഗരത്തിനകത്ത് യാത്രകള്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാനും സുസ്ഥിരതയെ പിന്തുണക്കാനും ആധുനികവും സുരക്ഷിതവുമായ ഗതാഗത സേവനങ്ങള്‍ നല്‍കാനുമുള്ള റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പ്രതിബദ്ധതയാണ് മെട്രോ ശൃംഖല പ്രതിഫലിപ്പിക്കുന്നത്.
2024 ഡിസംബര്‍ ഒന്നിനാണ് റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് തുടക്കമായത്. ബ്ലൂ ലൈന്‍, യെല്ലോ ലൈന്‍, വയലറ്റ് ലൈന്‍ എന്നീ മൂന്നു റൂട്ടുകളില്‍ 2024 ഡിസംബര്‍ ഒന്നിനും റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ എന്നീ റൂട്ടുകളില്‍ 2024 ഡിസംബര്‍ 15 നും ഓറഞ്ച് ലൈനില്‍ 2025 ജനുവരി അഞ്ചിനും സര്‍വീസ് ആരംഭിച്ചു.
ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലേത്. റിയാദ് മെട്രോയിലെ ആറു ട്രാക്കുകളുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളില്‍ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതില്‍ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിനുകള്‍ സഞ്ചരിക്കുന്നത്. പ്രതിദിനം 11.6 ലക്ഷത്തിലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിയാദ് മെട്രോയില്‍ നാല്‍പതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെ കടന്നുപോകുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ് റിയാദിലെത്. സീമെന്‍സ്, ബൊംബാര്‍ഡിയര്‍, അല്‍സ്റ്റോം എന്നിവ നിര്‍മിച്ച 183 ട്രെയിനുകള്‍ റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നു.
മെട്രോ സംവിധാനത്തില്‍ 2,860 ബസ് സ്റ്റോപ്പുകളും 842 ബസുകളും അടങ്ങിയ 80 ബസ് റൂട്ടുകളും ഉള്‍പ്പെടുന്നു. റിയാദിലെ വികസന പദ്ധതികള്‍ സുഗമമാക്കുന്നതില്‍ മെട്രോ നെറ്റ്വര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നു. ട്രാഫിക് ജാമുകള്‍ ലഘൂകരിക്കാനും കാറുകളെ ആശ്രയിക്കുന്നത് കുറക്കാനും ഇന്ധന ഉപയോഗവും മലിനീകരണവും കുറക്കാനും മെട്രോ സഹായിക്കുന്നു. ഗതാഗതത്തിനപ്പുറം, മെട്രോ റിയാദ് നഗരത്തിലെ പ്രധാന മേഖലകള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ചയെ നയിക്കുകയും നഗരവാസികളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.



