റിയാദ്– സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് അടുത്ത മാസം തുടക്കം കുറിക്കും. നവംബര്‍ മുതല്‍ 2026 ഡിസംബര്‍ വരെ 25 തലക്കെട്ടുകളിലായി കല, കായിക, സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ വിവിധ പരിപാടികളാണ് സംഘടന 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ഷികാഘോഷങ്ങളുടെ വിജയത്തിനായി ചെയര്‍മാന്‍ ഷാജി റസാഖ്, കണ്‍വീനര്‍ സുനില്‍ കുമാര്‍, ട്രഷറര്‍ സുനില്‍ സുകുമാരന്‍ എന്നിങ്ങനെ 151 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍ (നവംബര്‍), കേളി സാഹിത്യോത്സവം-കെഎല്‍എഫ് (ഡിസംബര്‍), കേളി സില്‍വര്‍ കളിതട്ട് -കേളി ദിനം, കേളി സില്‍വര്‍ മെഹന്തി ഫെസ്റ്റിവല്‍, ഷെഫ് മത്സരം (ജനുവരി), നൃത്തമത്സരം (ഫെബ്രുവരി), രചനാമത്സരം, കേളി സില്‍വര്‍ നൈറ്റ് (മെഗാ ഷോ) (മാര്‍ച്ച്), നാടകോത്സവം (ഏപ്രില്‍), ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്, വിപ്ലവഗാനോത്സവം, ഗസല്‍ നൈറ്റ്, ഇശല്‍ നൈറ്റ് (മെയ്), ചലച്ചിത്രോത്സവം (ജൂണ്‍), ചെസ്സ്, കാരംസ്, ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പുകള്‍ (ജൂലൈ), ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് (ഓഗസ്റ്റ്), നാടന്‍പാട്ട് മഹോത്സവം (സെപ്റ്റംബര്‍), മാജിക്കല്‍ ഇവന്റ് (ഒക്ടോബര്‍), വരയരങ്ങ് (നവംബര്‍), അറേബ്യന്‍ വടംവലി മത്സരം, വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് (ഡിസംബര്‍) എന്നിവയാണ് ആഘോഷപരിപാടികള്‍. അടുത്ത മാസം നടക്കുന്ന ആദ്യ പരിപാടിയായ ‘കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍ (കെഎബിബി)’ പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കും. റിയാദിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ കോര്‍ത്തിണക്കി അക്കാദമിക് തലത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പരിപാടി അവതരിപ്പിക്കും. സില്‍വര്‍ ജൂബിലിയുടെ സമാപനം ജിസിസി രാജ്യങ്ങളിലെ ടീമുകളെ ഉള്‍പ്പെടുത്തി രണ്ടാമത് കേളി അറേബ്യന്‍ വടംവലിയോടെ ആയിരിക്കും. കേളിയുടെ സില്‍വര്‍ ജൂബിലി വര്‍ഷം റിയാദിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സാംസ്‌കാരിക സമൃദ്ധിയുടെയും പ്രതീകമായിരിക്കും.
2001 ജനുവരി ഒന്നിനാണ് കേളി രൂപം നല്‍കിയത്. റിയാദിലും സമീപ പ്രദേശങ്ങളായ അല്‍ഖര്‍ജ്, ദാവദ്മി, അഫ്‌ലാജ്, ഹോത്ത, ഹരീഖ്, മജ്മ, തുമൈര്‍ എന്നിവിടങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന സംഘടനയില്‍ 20,000 ത്തില്‍ അധികം പ്രവാസികള്‍ അംഗങ്ങളാണ്. കേളിയുടെ ഉപരികമ്മിറ്റിയായ രക്ഷാധികാരി സമിതിക്ക് കീഴില്‍ കേളി കലാസാംസ്‌കാരിക വേദി, കേളി കുടുംബ വേദി, ഖസീം പ്രവാസി സംഘം, റെഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്, പൊതു വായനാ വേദിയായ ചില്ല സര്‍ഗവേദി എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര കമ്മിറ്റിക്ക് കീഴില്‍ 15 ഏരിയ കമ്മിറ്റികളും, 75 യൂണിറ്റ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. ജീവകാരുണ്യം, സാംസ്‌കാരികം, സ്‌പോര്‍ട്‌സ്, മാധ്യമം, നവമാധ്യമം എന്നീ സബ് കമ്മിറ്റികള്‍ കേളിയുടെ കേന്ദ്ര കമ്മിറ്റിക്ക് കീഴിലും എല്ലാ ഘടകങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
റിയാദിലെ ബത്ഹയിലെ തുറന്ന പ്രദേശത്ത് 8 വര്‍ഷം തുടര്‍ച്ചയായി വോളിബോള്‍ മത്സരം, സ്‌കൂള്‍ കുട്ടികള്‍ക്ക് കേരള സ്‌കൂള്‍ യുവജനോത്സവം മാതൃകയില്‍ യുവജനോത്സവങ്ങള്‍, സ്‌കൂള്‍ ഫുട്ബാള്‍ മത്സരം, മുഖ്യധാരാ സംഘടനകളുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്, ജിസിസി രാജ്യങ്ങളിലെ ടീമുകളെ അണിനിരത്തി വടം വലി മത്സരം, മെഗാ രക്തദാന ക്യാമ്പ്, 5000ത്തില്‍ പരം പ്രവാസികള്‍ക്ക് ഒറ്റ വേദിയില്‍ ഓണ സദ്യ, കുട്ടികള്‍ക്കായി മധുരം മലയാളം എന്നപേരില്‍ മലയാളം ക്ലാസുകള്‍, പ്രവാസികള്‍ക്ക് മലയാളം സാക്ഷരതാ ക്ലാസ്, കമ്പ്യൂട്ടര്‍ പഠന ക്ലാസ്, മുഖപ്രസംഗം ഓഡിയോ സംപ്രേക്ഷണം, പ്രവര്‍ത്തകര്‍ക്ക് ക്ഷേമ പെന്‍ഷന്‍, ഹൃദയപൂര്‍വ്വം കേളി (ഒരു ലക്ഷം പൊതിച്ചോറ്) പദ്ധതി, ഉപരിപഠനത്തിന് അര്‍ഹരായ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ പ്രോല്‍സാഹന പുരസ്‌കാരം, കേളി കുടുംബ സുരക്ഷാ പദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കേളിക്ക് കഴിഞ്ഞു.
നാട്ടിലെ ആശുപത്രികള്‍ക്ക് 5 ഡയാലിസിസ് മെഷീന്‍, ആംബുലന്‍സ്, കിടപ്പ് രോഗികള്‍ക്കും, പ്രത്യേകം പരിചരണം ആവശ്യമുള്ളവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൈത്താങ്ങായുള്ള സഹായങ്ങള്‍, മഹാമാരി, പ്രളയം, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ തുടങ്ങി പ്രകൃതി ദുരന്തങ്ങളില്‍ കേരള സര്‍ക്കാരിനൊപ്പം ചേര്‍ന്നുള്ള സഹായ ഹസ്തങ്ങള്‍ തുടങ്ങീ എണ്ണിയാലൊടുങ്ങാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ 25 വര്‍ഷത്തിനിടെ കേളിക്ക് സാധിച്ചിട്ടുണ്ട്. നേപ്പാള്‍ ഭൂകമ്പം, ഗുജറാത്ത് ഭൂകമ്പം, ചെന്നൈ പ്രളയം തുടങ്ങി കേരളത്തിനും രാജ്യത്തിനും പുറത്തേക്ക് കേളിയുടെ സഹായ ഹസ്തങ്ങള്‍ നീണ്ടു.
സൗദിയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഐക്യവും സഹജീവനബോധവും വളര്‍ത്തിക്കൊണ്ടുള്ള 25 വര്‍ഷത്തെ യാത്ര കേളിക്ക് എന്നും അഭിമാനത്തിന് ഇടനല്‍കുന്നത്താണ്. പുതിയ തലമുറയെ കലാ സാംസ്‌ക്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് ചേര്‍ക്കുക എന്നതാണ് സില്‍വര്‍ ജൂബിലി വര്‍ഷത്തിന്റെ മുഖ്യ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, കണ്‍വീനര്‍ സുനില്‍ തിരുവനന്തപുരം, ചെയര്‍മാന്‍ ഷാജി റസാഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.