റിയാദ്: ദുബായിൽ സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെ 125 രാജ്യങ്ങളിൽ സാന്നിധ്യം ശക്തിപ്പെടുത്താൻ സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ 11 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. വിമാന യാത്രാ അനുഭവത്തിൽ നൂതനാശയങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് തന്ത്രപരമായ പങ്കാളികളുമായി റിയാദ് എയർ ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്.
റിയാദ് എയർ ബ്രാൻഡ് സാന്നിധ്യം ശക്തിപ്പെടുത്താനും വൈവിധ്യമാർന്ന സേവനങ്ങളും ഉൽപന്നങ്ങളും പ്രോത്സാഹിപ്പിക്കാനും ആഗോള വിപണികളിൽ സാന്നിധ്യം വർധിപ്പിക്കാനും ആഗോള തലത്തിൽ സൗദി ആതിഥ്യമര്യാദയുടെ സ്ഥാനം ശക്തമാക്കാനും സഹായിക്കുന്ന നിലക്ക് 125-ലേറെ രാജ്യങ്ങളിലെ 70 ശതമാനം ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിൽ റിയാദ് എയർ സാന്നിധ്യം എത്തിക്കാൻ ഈ കരാറുകളിലൂടെ ലക്ഷ്യമിടുന്നു.
ആഗോള വിമാന കമ്പനിയാകാനുള്ള റിയാദ് എയറിന്റെ നിശ്ചയദാർഢ്യത്തെയാണ് പുതിയ കരാറുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് റിയാദ് എയർ മാർക്കറ്റിംഗ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് ഉസാമ അൽനുവൈസിർ പറഞ്ഞു. യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് അസാധാരണമായ യാത്രാനുഭവങ്ങൾ ഉറപ്പാക്കുന്ന നിലക്ക് സുസ്ഥിരവും പരസ്പര പ്രയോജനകരവുമായ ബന്ധങ്ങൾ സ്ഥാപിക്കാനാണ് ധാരണാപത്രങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉസാമ അൽനുവൈസിർ പറഞ്ഞു.
പരമ്പരാഗത സംവിധാനങ്ങളുടെ പരിമിതികളിൽ നിന്ന് മുക്തമായി, നവീകരിക്കാനുള്ള വഴക്കം നൽകുന്ന ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കാനുള്ള കഴിവ് റിയാദ് എയറിനെ വ്യത്യസ്തമാക്കുന്നു. ഇരു കൂട്ടർക്കും ലാഭം എന്ന സമീപനം പിന്തുടർന്നുകൊണ്ട് ട്രാവൽ ഏജന്റുമാരും യാത്രക്കാരും അടങ്ങിയ ആഗോള ശൃംഖലക്കുള്ള റിസർവേഷനുകൾ, വിതരണം, സേവനങ്ങൾ എന്നിവ സുഗമമാക്കാൻ ഈ സമീപനം സഹായിക്കുന്നു.