റിയാദ് – സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ ഈ മാസം 26 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. സൗദിയില്‍ വ്യോമയാന മേഖലയില്‍ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചുക്കൊണ്ടാണ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ള റിയാദ് എയര്‍ സർവീസ് ആരംഭിക്കുന്നത്. റിയാദിൽ നിന്നും ലണ്ടനിലേക്കാണ് ആദ്യ യാത്ര. ഒക്ടോബര്‍ 26 മുതല്‍ റിയാദ് എയര്‍ റിയാദില്‍ നിന്ന് ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും. ജമീല എന്ന് പേരിട്ടിരിക്കുന്ന, ബോയിംഗ് 787-9 ഇനത്തില്‍ പെട്ട സ്‌പെയര്‍ വിമാനമാണ് ആദ്യ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. തിരഞ്ഞെടുത്ത അതിഥികളും റിയാദ് എയർ ജീവനക്കാരുമായിരിക്കും ആദ്യ യാത്രയിൽ ഉണ്ടാകുക.
വരും കാലയളവില്‍ ദുബൈയിലേക്കും റിയാദ് എയര്‍ സര്‍വീസുകല്‍ ആരംഭിക്കും. കൂടാതെ ഇന്ത്യയിലേക്കും ഈ വർഷം തന്നെ കമ്പനി സർവീസ് ആരംഭിച്ചേക്കും.


ആദ്യ വിമാനം, ആര്‍.എക്‌സ് 401 റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 3.15 ന് പുറപ്പെട്ട് രാവിലെ 7.30 ന് ലണ്ടന്‍ ഹീത്രോയില്‍ എത്തിച്ചേരും. മടക്ക വിമാനം, ആര്‍.എക്‌സ് 402 ലണ്ടനില്‍ നിന്ന് രാവിലെ 9.30 ന് പുറപ്പെട്ട് വൈകുന്നേരം 7.15 ന് റിയാദില്‍ എത്തിച്ചേരും. ആദ്യഘട്ടത്തിൽ അഞ്ച് വിമാനങ്ങളുമായാണ് സർവീസ് തുടങ്ങുക.
വിഷൻ 2030ന്റെ ഭാഗമായിട്ടാണ് റിയാദ് എയര്‍ പ്രവർത്തനം ആരംഭിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2023-ലാണ് റിയാദ് എയർ പ്രഖ്യാപിച്ചത്. 72 ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങൾക്ക് കമ്പനി ഓർഡർ നൽകിയിട്ടുണ്ട്. 2030-ഓടെ ലോകമെമ്പാടുമുള്ള 100ലധികം നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം.
അതേസമയം, ‘സഫീർ’ എന്ന പുതിയ ലോയൽറ്റി പ്രോഗ്രാമും കമ്പനി അവതരിപ്പിച്ചു. യാത്രക്കാർക്ക് കൂടുതൽ ആകർഷകവും ഉപകാരപ്രദവുമായ അനുഭവം നൽകുക എന്നതാണ് ഈ പ്രോഗ്രാമിന് പിന്നിലെ ലക്ഷ്യം. അറബിയിൽ “അംബാസഡർ” എന്നർത്ഥം വരുന്നതും “സ്ഫിയർ” എന്ന ഇംഗ്ലീഷ് പദവും സംയോജിപ്പിച്ചുകൊണ്ടാണ് ‘സഫീർ’ എന്ന് പേരിട്ടത്. അംഗങ്ങൾക്ക് പോയിന്റുകളും ആനുകൂല്യങ്ങളും അംഗത്വ നിലയും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാൻ ‘സഫീർ’ പ്രോഗ്രാം അവസരം നൽകുന്നുണ്ട്. കൂടാതെ, ‘സഫീർ’ പോയിന്റുകൾക്ക് ഒരു നിശ്ചിത കാലാവധിയുണ്ടായിരിക്കില്ല. ‘ദി ഫൗണ്ടേഴ്സ്’ എന്നറിയപ്പെടുന്ന സ്ഥാപക അംഗങ്ങൾക്ക് ഭാവി വിമാനങ്ങളിൽ മുൻഗണനാ ബുക്കിംഗ്, പ്രത്യേക റിവാർഡുകൾ, എക്സ്ക്ലൂസീവ് അനുഭവങ്ങൾ എന്നിവ ലഭിക്കും.