ജിദ്ദ – പ്രതിവര്‍ഷം 1.93 കോടിയിലേറെ ഗള്‍ഫ് ടൂറിസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ (ജി.സി.സി സ്റ്റാറ്റ്) പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. കഴിഞ്ഞ കൊല്ലം ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം മേഖല ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ അധിക മൂല്യം 247.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2019 നെ അപേക്ഷിച്ച് 31.9 ശതമാനം കൂടുതലാണിത്.
വിനോദസഞ്ചാരം ഗള്‍ഫ് സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രധാന സ്രോതസ്സായും മാറിയിരിക്കുന്നു. 2034 ആകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലാ സംഭാവന 13.3 ശതമാനം വര്‍ധിക്കുമെന്നും ആറു രാജ്യങ്ങളുടെയും ടൂറിസം മേഖലയുടെ ആകെ മൂല്യം 371.2 ബില്യണ്‍ ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.
2024 ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച ഗള്‍ഫ് വിനോദസഞ്ചാരികളുടെ എണ്ണം 19.3 കോടിയിലെത്തി. ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച മൊത്തം വിദേശ വിനോദസഞ്ചാരികളില്‍ 26.7 ശതമാനം ഗള്‍ഫ് ടൂറിസ്റ്റുകളായിരുന്നു. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഗള്‍ഫ് ടൂറിസ്റ്റുകളുടെ എണ്ണം 52.1 ശതമാനം തോതില്‍ വര്‍ധിച്ചു. ഗള്‍ഫ് ടൂറിസം സംയോജനം ശക്തിപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
റിയാദ് സീസണ്‍ പോലുള്ള പ്രധാന വിനോദ പരിപാടികളുടെയും ഖിദ്ദിയ, നിയോം, റെഡ് സീ പ്രോജക്റ്റ് തുടങ്ങിയ മെഗാ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെയും ഫലമായി ഗള്‍ഫ് വിനോദസഞ്ചാരികളെ സ്വീകരിക്കുന്നതില്‍ സൗദി അറേബ്യ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാമതെത്തി. മേഖലയില്‍ കുടുംബ, വിനോദ വിനോദസഞ്ചാരത്തിന് പ്രിയപ്പെട്ട കേന്ദ്രമായി സൗദി അറേബ്യ മാറിയിട്ടുണ്ട്.
2024 ല്‍ ടൂറിസം മേഖല 4.3 ബില്യണ്‍ ഡോളറിന്റെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി കണക്കാക്കുന്നു. 2019 നെ അപേക്ഷിച്ച് 24.9 ശതമാനം കൂടുതലാണിത്. 2034 ആകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം മേഖല 13 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടൂറിസം മേഖലയിലെ വനിതാ പങ്കാളിത്തം 13 ശതമാനത്തിലെത്തി. 2019 മുതല്‍ ടൂറിസം മേഖലയിലെ വനിതാ പങ്കാളിത്തത്തില്‍ 73.2 വളര്‍ച്ച രേഖപ്പെടുത്തിയതായും ജി.സി.സി സ്റ്റാറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ അനുപാതം മൊത്തം വിസ്തൃതിയുടെ 19 ശതമാനത്തിലെത്തി. ഒരു വര്‍ഷത്തിനിടെ ഈ മേഖലയില്‍ 7.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇക്കോടൂറിസം വികസിപ്പിക്കാനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനുമുള്ള ജി.സി.സി രാജ്യങ്ങളുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.
ഭാവിയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന വൈവിധ്യമാര്‍ന്നതും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുള്ള മെഗാ പ്രോജക്ടുകളുടെയും അഭിലാഷകരമായ സാമ്പത്തിക ദര്‍ശനങ്ങളുടെയും പിന്തുണയോടെ, ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസം മേഖല തന്ത്രപരമായ മുന്‍നിര മേഖലയായി മാറിയതായി പോസിറ്റീവ് സൂചകങ്ങള്‍ സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു.