അബുദാബി: കാലാവസ്ഥാ വ്യതിയാനത്തിൻ്റെ അനന്തരഫലങ്ങൾ ബാധിച്ച ഉപഭോക്താക്കൾക്കുള്ള പേർസണൽ ലോൺ, കാർ ലോൺ എന്നിവയുടെ തവണകൾ തിരിച്ചടയ്ക്കുന്നത് ആറ് മാസത്തേക്ക് മാറ്റിവയ്ക്കാൻ അനുവദിക്കണമെന്ന് യുഎഇ സെൻട്രൽ ബാങ്ക് (CBUAE) എല്ലാ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും നോട്ടീസ് നൽകി.അധിക ഫീസുകളോ പലിശയോ ലാഭമോ ചുമത്താതെയും തവണകളുടെ തിരിച്ചടവ് മാറ്റിവയ്ക്കുന്നതിന് വായ്പയുടെ പ്രിൻസിപ്പൽ തുക വർദ്ധിപ്പിക്കുകയോ ചെയ്യാതെയാണ് മാറ്റിവയ്ക്കൽ.
കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ കനത്ത മഴയുടെ ഫലമായി വാഹനങ്ങൾക്കും വീടുകൾക്കുംമുണ്ടായ നാശനഷ്ടങ്ങൾക്കും കേടുപാടുകൾക്കും ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് സെൻട്രൽ ബാങ്ക് സ്ഥിരീകരിച്ചു.
ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് ഉറപ്പാക്കും. വീടുകൾക്കും ഇത് ബാധകമാണെന്നും സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു. അതിൽ, ഇൻഷുറൻസ് പരിരക്ഷയുള്ള വീടുകളോ കെട്ടിടങ്ങളോ ആകട്ടെ, സമീപകാല മഴയും കാലാവസ്ഥയും മൂലമുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് അവരുടെ വസ്തുവകകൾ നന്നാക്കാൻ അർഹതയുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു.