അബൂദാബി– യുഎഇയിൽ കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയിരുന്ന ഉച്ച വിശ്രമ നിയമം നാളെ (തിങ്കൾ) അവസാനിക്കും.
സൂര്യപ്രകാശം നേരിട്ട് ഏൽക്കും വിധം തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കു മാത്രമാണ് ഉച്ചയ്ക്ക് ഇടവേള നൽകിയിരുന്നത്. യുഎഇ തുടർച്ചയായി 21ാം വർഷമാണ് ഉച്ചവിശ്രമം നൽകിവരുന്നത്.
ജൂൺ 15ന് ആരംഭിച്ച് നാളെ അവസാനിക്കുന്ന ഉച്ചവിശ്രമത്തിൽ ഉച്ചയ്ക്ക്12.30 മുതൽ 3 വരെയാണ് വിശ്രമം നൽകിവരുന്നത്. ഈ കാലയളവിൽ രാവിലെയും രാത്രിയുമായിട്ടായിരുന്നു ജോലി പുനഃക്രമീകരിച്ചിരുന്നത്.
ഈ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിക്കുന്നതായി കണ്ടെത്തുന്ന തൊഴിലുടമകളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5000 ദിർഹം വീതം പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു.