അബുദാബി– ലോകമെമ്പാടുമുള്ള ചികിത്സാ സാധ്യതകൾ അവസാനിച്ചതിന് ശേഷം, 66കാരനായ ഗ്വാട്ടിമാലൻ സ്വദേശിക്ക് യുഎഇയിൽ നടന്ന ഇരട്ട ശ്വാസകോശ മാറ്റ ശസ്ത്രക്രിയയിൽ പുതു ജീവൻ. ഓസ്കർ റോമെറോ ലോപസ് ഗില്ലൻ എന്ന ആളാണ് അബുദാബിയിലെ ക്ലിവ്‌ളാൻഡ് ക്ലിനികിൽ നടന്ന ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതം ലഭിച്ചത്.
2016-ൽ ഗ്വാട്ടിമാലയിൽ അദ്ദേഹത്തിന് പ്ലമണറി ഫൈബ്രോസിസ് എന്ന ശ്വാസകോശ രോഗം കണ്ടെത്തിയിരുന്നു. വർഷങ്ങളായി ക്ഷീണവും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും അതിരുവിട്ടതോടെ ദിവസം 24 മണിക്കൂറും ഓക്സിജൻ സിലിണ്ടറിന് ആശ്രിതനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിരവധി രാജ്യങ്ങളിലെ ആശുപത്രികളിൽ പരിശോധനകൾക്ക് ശേഷം, 2024 ഒടുക്കം അദ്ദേഹം അബുദാബിയിലെ ക്ലിവ്‌ളാൻഡ് ക്ലിനിക്കുമായി ബന്ധപ്പെടുകയായിരുന്നു.
“ഇവിടെ എത്തുമ്പോൾ, ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് വന്നുവെന്ന തോന്നലായിരുന്നു. ശുശ്രൂഷാ നിലവാരവും ജീവനക്കാരുടെ മനോഹരമായ സമീപനവും എനിക്ക് പുതിയ പ്രതീക്ഷയായിത്തീരുകയും ചെയ്തു,” ഓസ്കർ തന്റെ അനുഭവം പങ്കുവെച്ച് പറഞ്ഞു.
വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ആശുപത്രികൾ, പൗരത്വ സംബന്ധമായ നിയമങ്ങൾ, ദാനം ലഭിക്കാത്ത അവസ്ഥകൾ തുടങ്ങിയ പ്രശ്നങ്ങൾ അദ്ദേഹത്തെിന് വിനയായിരുന്നു. പക്ഷേ അബുദാബിയിൽ എത്തിയ ഉടനെ, ക്ലിനിക്കിലെ ഹൃദ്രോഗ, വാസ്കുലാർ, തോറാസിക് വിഭാഗങ്ങളിലെ വൈദഗ്ദ്ധ്യ ടീം അദ്ദേഹത്തെ പരിശോധിക്കുകയും, വളരെ ചുരുങ്ങിയ സമയത്തിനകം അനുയോജ്യമായ ദാനശ്വാസകോശം കണ്ടെത്തുകയും ചെയ്തു.
ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ,10 ദിവസത്തിനകം തന്നെ ഓസ്കർ ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി, ആരെയും ആശ്രയിക്കാതെ, സ്വയം ശ്വാസം എടുക്കാൻ കഴിയുന്ന നിലയിൽ.
“ഈ വൈദ്യശാസ്ത്ര വിജയം സംവേദനപൂർണ്ണമായ ശുശ്രൂഷയും, വിദഗ്ദ്ധതയും, യുഎഇയുടെ ഹയത്ത് അവയവദാന പദ്ധതി നല്‍കിയ കരുണയും ഒരുമിച്ചാണ് സാധ്യമായത്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്ക് ഇവിടെ പ്രതീക്ഷ കണ്ടെത്താൻ കഴിയുന്നത് വലിയൊരു അഭിമാനമാണ്.” ക്ലിനിക്കിന്റെ സി.ഇ.ഒ.യായ. ജോർജസ്-പാസ്കൽ ഹാബർ പറഞ്ഞു
ഡോ. ഉസ്മാൻ അഹ്മദ്, തോറാസിക് സർജറി വിഭാഗം ചെയർമാൻ, ഓസ്കറിന്റെ ഫയൽ വിലയിരുത്തിയപ്പോൾ അദ്ദേഹത്തിന്റെ ശ്വാസകോശങ്ങൾ ദുഷ്പ്രവർത്തനാവസ്ഥയിലായിരുന്നുവെന്ന് ഓർത്തു. “പക്ഷേ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്നതും അദ്ദേഹത്തിന്റെ ആത്മവിശ്വാസവും വെല്ലുവിളികളെ നേരിടാനുള്ള തയ്യാറെടുപ്പും, ശസ്ത്രക്രിയയ്ക്ക് ഉചിതനാക്കിയതായിരുന്നു.”


അന്താരാഷ്ട്ര രോഗികൾക്ക് യാത്രാസൗകര്യങ്ങൾ, വിസാസംവിധാനങ്ങൾ, താമസ സൗകര്യങ്ങൾ എന്നിവ ഏകീകരിച്ച് നൽകി, ചികിത്സയുടെ മുഴുവൻ ഘട്ടവും നിസ്സാരമായി കൈകാര്യം ചെയ്യുന്ന പ്രത്യേക ടീം ക്ലിനിക്കിൽ പ്രവർത്തിക്കുന്നു. 2024-ൽ മാത്രം 10,000-ലധികം അന്താരാഷ്ട്ര രോഗികൾ ഇവിടെ ചികിത്സ തേടിയതായും, കുവൈറ്റ്, സൗദി അറേബ്യ, പാകിസ്ഥാൻ, ബഹ്‌റൈൻ, യു.എസ് എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ട രാജ്യങ്ങളെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഫോളോ-അപ്പ് ചികിത്സയ്ക്കായി ഓസ്കർ യുഎഇയിൽ തന്നെ തുടരുകയാണ്. “ഇത് ഒരു അത്ഭുതം തന്നെയാണ്. ദൈവത്തെയും ക്ലിനിക്കിലെ എല്ലാവരെയും ഞാൻ ഹൃദയത്തിൽ നിന്ന് നന്ദിയോടെ ഓർക്കുന്നു,” ഓസ്കർ പറഞ്ഞു.