റിയാദ്: സൗദി പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ദിയാപണ ശേഖരണം അവസാനിച്ചിരിക്കെ വധശിക്ഷ വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനനടപടികള്‍ അടുത്താഴ്ച തുടങ്ങും. റഹീം നിയമസഹായസമിതി നാട്ടില്‍ ആരംഭിച്ച ആപ്ലിക്കേഷനില്‍ 34 കോടി ഇന്ത്യന്‍ രൂപയെന്ന ലക്ഷ്യത്തിലേക്ക് എത്തിയെന്നും ഈ പണം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വഴി ഇന്ത്യന്‍ എംബസിയുടെ എക്കൗണ്ടിലേക്ക് മാറ്റുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും കേസ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി ദ മലയാളം ന്യൂസിനോട് വ്യക്തമാക്കി. തുടർന്ന് റിയാദില്‍ ഒരു ബാങ്ക് എക്കൗണ്ട് തുറന്ന് അതിലേക്ക് പ്രസ്തുത പണം മാറ്റും. ഈ എകൗണ്ടില്‍ നിന്ന് കോടതി വഴിയാണ് കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബത്തിന് പണം കൈമാറുക.
ആവശ്യപ്പെട്ട ദിയാപണം റെഡിയായിട്ടുണ്ടെന്ന് വധശിക്ഷ വിധിച്ച സുപ്രിം കോടതിയെ അറിയിക്കലാണ് അടുത്ത നീക്കം. തുടര്‍ന്ന് കോടതി കേസ് പരിഗണിക്കും. ഇരുഭാഗത്തെയും അഭിഭാഷകരും അബ്ദുറഹീമും സൗദി കുടുംബവും കോടതിയില്‍ ഹാജറാകും. ദിയാപണമെന്ന ഒത്തുതീര്‍പ്പില്‍ കേസ് അവസാനിക്കുന്നതോടെ എന്‍ഫോഴ്‌സ്‌മെന്റ് കോടതി വഴി സൗദി കുടുംബത്തിന് 15 മില്യന്‍ റിയാലിന്റെ ചെക്ക് കൈമാറും. പോലീസിലും കോടതിയിലുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ റഹീമിന് മോചനമാകും. അദ്ദേഹം പറഞ്ഞു.
അഭിഭാഷകരുടെയും കോടതിയുടെയും ഫീസുകളടക്കം ഇനിയുമുണ്ട് ചെലവുകള്‍. അതെല്ലാം ഉടന്‍ പരിഹരിക്കും. സാധാരണക്കാരുടെ പണമാണ് സഹായസമിതി തുറന്ന എക്കൗണ്ടിലെത്തിയത്. ഇന്ത്യയില്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപു മുതല്‍ കാശ്മീര്‍, ജാര്‍ഖണ്ട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നെല്ലാം പണം എത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
മോചനത്തിനുള്ള നടപടിക്രമങ്ങൾ ചുരുക്കത്തിൽ
നാട്ടിൽനിന്ന് സ്വരൂപിച്ച പണം ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യൻ എംബസിയുടെ എക്കൗണ്ടിലേക്ക് മാറ്റും.
ആവശ്യപ്പെട്ട ദിയാപണം റെഡിയായിട്ടുണ്ടെന്ന് വധശിക്ഷ വിധിച്ച സുപ്രിം കോടതിയെ അറിയിക്കും.
സൗദി കുടുംബത്തിന് ചെക്ക് കൈമാറും
പോലീസിലും കോടതിയിലുമുള്ള നിയമനടപടികൾ പൂർത്തിയാകുന്നതോടെ മോചനം സാധ്യമാകും.