അബുദാബി– അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്‌ജിദിൽ സന്ദർശകരുടെ എണ്ണത്തിൽ വർധന. 2025-ൽ 68,46,723 പേരാണ് മസ്‌ജിദ് സന്ദർശിച്ചത്. 2024-നെ അപേക്ഷിച്ച് നാലു ശതമാനം വർധനയാണിത്. മസ്‌ജിദിലെ സന്ദർശകരിൽ ഏറ്റവും കൂടുതൽ പേരെത്തിയത് കഴിഞ്ഞവർഷമായിരുന്നു. വെള്ളിയാഴ്ചകളിൽ ജുമുഅ നിർവഹിച്ചത് 2,57,859 പേരാണ്. 6,97,961 പേർ ദിവസേന നമസ്കാരത്തിനുമായെത്തി. റംസാൻ മാസത്തിലും രണ്ടു പെരുന്നാൾ നമസ്കാരത്തിനുമായും 5,75,372 പേരെത്തിയിരുന്നു.
കഴിഞ്ഞവർഷത്തെ സന്ദർശകരിൽ 82 ശതമാനം പേർ യു.എ.ഇ.ക്ക് പുറത്തുള്ളവരായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് ഇന്ത്യയിൽ നിന്നുള്ളവരും. ഏഷ്യക്കാരാണ് (49 ശതമാനം) സന്ദർശകരിൽ ഭൂരിഭാഗവും. യൂറോപ്പ് (33 ശതമാനം), വടക്കേ അമേരിക്ക (11 ശതമാനം), ആഫ്രിക്ക, തെക്കെ അമേരിക്ക (മൂന്ന് ശതമാനം), ഓസ്‌ട്രേലിയ (ഒരു ശതമാനം) എന്നിങ്ങനെയാണ് മറ്റു വൻകരകളിൽ നിന്നെത്തിയവർ. മൊത്തം സന്ദർശകരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്ത് (20 ശതമാനം) ഇന്ത്യക്കാരും ചൈന (ഒൻപത് ശതമാനം) രണ്ടാം സ്ഥാനത്തും റഷ്യ (എട്ട് ശതമാനം) മൂന്നാം സ്ഥാനത്തുമാണ്.
ജർമനി, യു.കെ., ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്ന് മൂന്നു ശതമാനം വീതം സന്ദർശകരാണ് 2025-ൽ ശൈഖ് സായിദ് ഗ്രാൻഡ് മസ്‌ജിദിലെത്തിത്. രണ്ടുശതമാനം വീതം ഫിലിപ്പീൻസ്, പാകിസ്താൻ രാജ്യക്കാരുമെത്തി. വിനോദസഞ്ചാരികളായി 4,031 ടൂർ കേന്ദ്രങ്ങൾ മുഖേന 55,730 പേരാണ് വന്നത്. കൂടാതെ ഔദ്യോഗിക പ്രതിനിധിസംഘങ്ങളിലായി 21,988 പേരും മുൻകൂട്ടി ബുക്കിങ് അടിസ്ഥാനത്തിൽ 1,564 പേരുമെത്തിയിരുന്നു.
കഴിഞ്ഞ വർഷം മസ്‌ജിദിൽ വിദേശ നയതന്ത്ര തലത്തിലുള്ള സന്ദർശകരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. ഒൻപത് രാഷ്ട്രത്തലവന്മാർ, രണ്ടു വൈസ് പ്രസിഡന്റുമാർ, നാല് സംസ്ഥാന ഗവർണർമാർ, ഒരു ഡെപ്യൂട്ടി ഗവർണർ, രാജ കുടുംബാംഗങ്ങൾ ഉൾപ്പെടെ എട്ടുപേർ, 12 പ്രധാനമന്ത്രിമാർ, രണ്ടു ഉപപ്രധാനമന്ത്രിമാർ, ആറ് പാർലമെന്റ് സ്പീക്കർമാർ,ഒരു ഡെപ്യൂട്ടി സ്പീക്കർ, 78 മന്ത്രിമാർ, 25 ഉപമന്ത്രിമാർ, അംബാസഡർ, കോൺസൽ അടക്കം 51 പേർ, മൂന്ന് ഡെപ്യൂട്ടി അംബാസഡർമാർ/കോൺസൽമാർ, മതവിഭാഗങ്ങളിൽനിന്ന് ഒന്ന്, സൈനിക മേഖലയിൽനിന്ന് 70, വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 62 ഔദ്യോഗിക പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 335 ഉന്നതതല പ്രതിനിധികളെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സ്വാഗതം ചെയ്തിട്ടുണ്ട്.



