അബൂദാബി– വർഷം തോറും നടത്തിവരാറുള്ള അബുദാബി ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്‌സിബിഷനിൽ (അഡിഹെക്‌സ്-ADIHEX) അപൂർവ ഫാൽക്കൺ 3.5 ലക്ഷം ദിർഹത്തിന് (ഏകദേശം 83 ലക്ഷം ഇന്ത്യൻ രൂപ) ലേലത്തിൽ വിറ്റു. അമേരിക്കൻ ഗർമൂഷ പ്യുർ ഇനത്തിൽ പെട്ട വെള്ള ഫാൽക്കൺ വൻ തുകക്ക് സ്വന്തമാക്കിയത് ഖത്തറിൽ നിന്നുള്ള ഹസൻ അൽ ഖുബൈസിയാണ്.
വാശിയേറിയ ലേലം വിളി അരമണിക്കൂറിൽ അധികം നീണ്ടു നിന്നു. ഹോളണ്ടിൽ നിന്നുള്ള ഗിർ പ്യുർ ഫാൽക്കൺ 40,000 ദിർഹത്തിന് അബൂദാബിക്കാരനായ ഖാലിദ് അൽ ഹമ്മാദി സ്വന്തമാക്കി. 25,000 ദിർഹത്തിൽ ആരംഭിച്ച ലേലം വിളി കേവലം മൂന്ന് മിനിറ്റ് കൊണ്ട് 40,000ൽ എത്തുകയായിരുന്നു. ഗിർ ഷഹീൻ (സ്പയിൻ 29000 ദിർഹം),ഗിർ ഹുർ (യുഎഇ 50,000 ദിർഹം), എന്നിവയും 35,000, 28,000, 14,000 ദിർഹത്തിന് വിറ്റുപോയ സ്പെയിനിൽ നിന്നുള്ള മൂന്ന് ഗിർ തബ ഫാൽക്കണുകൾ വേറെയും ലേലത്തിലുണ്ടായിരുന്നു.