അബുദാബി: യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ മുൻകരുതൽ എടുക്കാനും ജാഗ്രത പാലിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാവിലെ വരെ അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കും.
മിന്നലോടും ഇടിയോടും കൂടി ശക്തമായ മഴ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയേക്കാം. ശക്തമായ കാറ്റ് മൂലം തിരശ്ചീന ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്ന് യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ സമ്പൂർണ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം നിവാസികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. സമൂഹത്തിൻ്റെ സുരക്ഷിതത്വവും ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നൽകുന്നതാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് മന്ത്രാലയം ആവർത്തിച്ചു. ഏപ്രിൽ 15 മുതൽ 17 വരെ രാജ്യം സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങളും സുരക്ഷാ ആവശ്യകതകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.