റിയാദ്– തലസ്ഥാന നഗരിയിലെ വില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഇ-സിഗരറ്റ് നിർമാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ രണ്ട് വിദേശികൾ അറസ്റ്റിൽ. വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 40 ലക്ഷത്തിലേറെ വ്യാജ ഉത്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വൻ ശേഖരവും പിടിച്ചെടുത്തു. നടത്തിപ്പുകാരായ ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം അറിയിച്ചു.
ഇ-സിഗരറ്റുകൾ, ഇ-സിഗരറ്റിൽ ഉപയോഗിക്കുന്ന ഓയിലുകൾ, സുഗന്ധദ്രവ്യങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയാണ് നിയമവിരുദ്ധമായി വില്ലയിൽ നിർമിച്ചിരുന്നത്. സ്ഥാപനം അടച്ചുപൂട്ടി പ്രതികളെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വാണിജ്യ വഞ്ചന, ബിനാമി ബിസിനസ് എന്നിവ ചെറുക്കാനും ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുമുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി, കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷൻ, സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി എന്നിവയുമായി സഹകരിച്ചാണ് വാണിജ്യ മന്ത്രാലയം അനധികൃത ഇ-സിഗരറ്റ് നിർമാണ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയത്.
സംശയാസ്പദമായ വാണിജ്യ പ്രവർത്തനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്ന് സ്വദേശികളോടും വിദേശികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.