കുവൈത്ത് സിറ്റി – ഫര്‍വാനിയ ഏരിയയില്‍ സ്വകാര്യ താമസസ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന അനധികൃത ക്ലിനിക്കില്‍ റെയ്ഡ് നടത്തി സുരക്ഷാ വകുപ്പുകള്‍. സംഭവത്തിൽ നാലു ഇന്ത്യക്കാര്‍ അടക്കം എട്ടു പേരെ അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍സ്വബാഹിന്റെ നിര്‍ദേശാനുസരണം നടത്തിയ റെയ്ഡില്‍ വ്യാജ ഡോക്ടറായ ഇന്ത്യക്കാരനും ചികിത്സക്കായി അനധികൃത ക്ലിനിക്കിലെത്തിയ മൂന്നു ഇന്ത്യക്കാരുമാണ് ആദ്യം അറസ്റ്റിലായത്.
ഗവണ്‍മെന്റ് മരുന്നുകള്‍ നിയമവിരുദ്ധമായി വിതരണം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന വലിയ ശൃംഖലക്ക് കേസില്‍ പങ്കുള്ളതായി അന്വേഷണങ്ങളില്‍ വ്യക്തമായി. മുഴുവന്‍ നിയമാനുസൃത മാര്‍ഗങ്ങളും മറികടന്ന് വ്യാജ ഡോക്ടര്‍ക്ക് ഗവണ്‍മെന്റ് മരുന്നുകള്‍ വിതരണം ചെയ്തിരുന്ന മൂന്നു ബംഗ്ലാദേശുകാരെയും പിന്നീട് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യുന്ന മറ്റൊരു ബംഗ്ലാദേശുകാരനാണ് തന്റെ പദവി ദുരുപയോഗം ചെയ്ത് ഹെല്‍ത്ത് സെന്ററില്‍ നിന്ന് മരുന്നുകള്‍ കവര്‍ന്ന് അനധികൃത ക്ലിനിക്ക് നടത്തുന്നവര്‍ക്ക് കൈമാറുന്നതെന്ന് കൂടുതല്‍ അന്വേഷണങ്ങളില്‍ കണ്ടെത്തി. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിന്റെ പക്കല്‍ നിന്ന് വന്‍ മരുന്ന് ശേഖരം പിടികൂടി. പ്രതികള്‍ക്കെതിരെ മുഴുവന്‍ നിയമാനുസൃത നടപടികളും സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.



