ദോഹ– അമേരിക്കയിലെ അർക്കൻസാസ് സംസ്ഥാനത്തിന്റെ ഗുഡ്വിൽ അംബാസഡറായി ഖത്തർ മലയാളി. തിരുവനന്തപുരം സ്വദേശി താഹാ മുഹമ്മദ് അബ്ദുൽ കരീമിനെയാണ് അർക്കൻസസ് സംസ്ഥാനത്തിന്റെ ഗുഡ്വിൽ അംബാസഡറായി ഗവർണർ സാറാ ഹക്കബീ സാൻഡേഴ്സ് പ്രഖ്യാപിച്ചത്. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ഫ്രാങ്ക്‌ലിൻ ഡി. റൂസ്വെൽറ്റ്, പ്രസിഡന്റ് റൊണാൾഡ് റൈഗൻ, നിലവിലെ പ്രസിഡന്റ് റൊണാൾഡ് ട്രംപ് എന്നിവരും മുൻകാലങ്ങളിൽ ഈ ബഹുമതി നേടിയിരുന്നു.
ഇവർക്ക് പുറമെ കവയിത്രിയും സിവിൽ റൈറ്റ്‌സ് പ്രവർത്തകയുമായ മായ ആഞ്ചലോ, ബോക്‌സർ മുഹമ്മദലിയും, ഇതിഹാസ നടൻ ബോബ് ഹോപ്പ് എന്നിങ്ങനെ നിരവധി പ്രമുഖർ ഈ പദവി അലങ്കരിച്ചിട്ടുണ്ട്. യുഎസിലെ ‘പ്രകൃതി സംസ്ഥാനം’ എന്നറിയപ്പെടുന്ന അർക്കൻസാസിന് ആഗോളതലത്തിൽ മികച്ച ബന്ധങ്ങൾ വളർത്തുകയെന്നതാണ് ഗുഡ്വിൽ അംബാസിഡറുടെ പ്രധാന ദൗത്യം.
അർക്കൻസാസ് ഗുഡ്വിൽ അംബാസിഡറായി നിയമനം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് താഹാ മുഹമ്മദ് അബ്ദുൽ കരീം പറഞ്ഞു. അർക്കൻസാസിന്റെ മൂല്യങ്ങളെയും സൗന്ദര്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ മഹത്തായ സംസ്ഥാനത്തിന്റെ പ്രത്യേകതകൾ ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 23 വർഷമായി ബിസിനസ് കൺസൾട്ടിംഗ്, റീട്ടെയിൽ, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ട്രേഡിംഗ്, സ്ട്രാറ്റജിക് അഡൈ്വസർ എന്നീ നിലയിൽ പ്രവർത്തിക്കുന്ന താഹാ അബ്ദുൾ കരിം ഖത്തറിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ മാസ്‌കർ ഗ്രൂപ്പിന്റെ ഗ്രൂപ്പ് ജനറൽ മാനേജരും ഡയറക്ടർ ബോർഡ് അഡൈ്വസറുമാണ്. വൈവിധ്യമാർന്ന ബിസിനസ്സ് കൂട്ടായ്മയായ വത്നാൻ ഹോൾഡിംഗിന്റെ കൺസൾട്ടന്റും കൂടിയാണ്.
ഹാർവാർഡ് ബിസിനസ് സ്‌കൂൾ, സ്റ്റാൻഫോർഡ്, ഓക്സ്ഫോർഡ്, എംഐടി, വാർട്ടൺ, കേംബ്രിഡ്ജ്, ലണ്ടൻ സ്‌കുൾ ഓഫ് ഇക്കണോമിക്സ്, കൊളംബിയ, ഹെൻലി, ഐഐഎം അഹമ്മദാബാദ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദങ്ങളും സർട്ടിഫിക്കേഷനുകളും സ്വന്തമാക്കിയിട്ടുള്ള താഹ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയാണ്.
ജിസിസിയിലെ ഹാർവാർഡ് ബിസിനസ് സ്‌കൂൾ ക്ലബ്ബിന്റെ സെക്രട്ടറിയും ക്ലബ്ബിന്റെ ബോർഡ് പ്രതിനിധിയും ഖത്തർ കൺട്രി ഹെഡും ആയ താഹ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (ഐബിപിസി) ഖത്തർ പ്രസിഡന്റുംകൂടിയാണ്.