ദോഹ– ഖത്തറിലെ അൽവക്ര തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ച സംഭവത്തിൽ രണ്ട് ഏഷ്യൻ വംശജർ പിടിയിൽ. അന്വേഷണത്തിൽ ഇവരുടെ പങ്ക് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികൾ അറസ്റ്റിലായത്. കൂടുതൽ നിയമ നടപടിക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. ഈ മാസം 22 നായിരുന്നു അൽവക്ര തുറമുഖത്ത് ബോട്ടുകളിൽ തീപിടിത്തം ഉണ്ടായത്.
സാങ്കേതിക പരിശോധനയിലും ശേഖരിച്ച പ്രാഥമിക തെളിവുകളിലും രണ്ട് പ്രതികളും ചേർന്ന് ഒരു ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് നിയമവിരുദ്ധമായി വൈദ്യുതി ലൈൻ ബന്ധിപ്പിച്ചാണ് തീപിടുത്തത്തിന് കാരണമായതെന്ന് വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഇത് രണ്ട് ബോട്ട് ഉടമകളുടെയും മുൻകൂർ അറിവോടെയാണ് നടന്നത് .
കഴിഞ്ഞ ബുധനാഴ്ച നടന്ന തീപിടിത്തൽ സിവിൽ ഡിഫൻസ് വിഭാഗത്തിന്റെയും മറ്റ് അധികാരികളുടെയും ശക്തമായ ഇടപെടലിനെ തുടർന്നാണ് തീ നിയന്ത്രണവിധേയമാക്കാനും ആളുകൾക്ക് പരിക്കുകളൊന്നും ഇല്ലാതെ അത് പടരുന്നത് തടയാനും കഴിഞ്ഞത് . അതേ സമയം നിരവധി ബോട്ടുകൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു .



