ദോഹ– എസ്.ഐ.ആർ പ്രവാസികളുടെ പ്രശ്‌നം ഏറെ ഗൗരവമുള്ളതാണെന്നും സർക്കാരും വിവിധ പാർട്ടികളും അതിനെ കുറിച്ച് ചർച്ച നടത്തുന്നതായും കേരള മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഐ.ആറുമായി ബന്ധപ്പട്ട് കേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷൻ നടത്തിയ പ്രഖ്യാപനം ചർച്ച ചെയ്യാൻ നവംബർ അഞ്ചിന് സർവ്വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു തിരഞ്ഞെടുപ്പിലേക്ക് പോകുകയാണ് . ഈ സമയത്ത് എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടത്തുന്നത് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കും . അത് കേരള സ്റ്റേറ്റ് ചീഫ് ഇലക്ഷൻ ഓഫീസറും മുൻപ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായവും. എന്നാൽ ഇപ്പോൾ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിൽ വിളിച്ചുകൂട്ടിയ സർവ്വകക്ഷി യോഗത്തിലും ഇപ്പോൾ എസ് ഐ ആറുമായി ബന്ധപ്പെട്ട പ്രവർത്തനം സാധ്യമല്ല എന്ന് എല്ലാവരും അറിയിച്ചു . ഈ ഘട്ടത്തിൽ അത് നടപ്പിലാക്കാൻ സാധ്യമല്ല എന്നതാണ് സർക്കാരിന്റെയും അഭിപ്രായം. അത് വീണ്ടും കേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി ദോഹയിൽ പറഞ്ഞു .
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



