ദോഹ– സിദ്ര ആശുപത്രി നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഖത്തര്‍ ഫൗണ്ടേഷന് അനുകൂലമായി ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് (ഐസിസി) ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ സുപ്രധാന വിധി. സംയുക്ത നിര്‍മ്മാണ സംരംഭം ഖത്തര്‍ ഫൗണ്ടേഷന് ഏകദേശം രണ്ടായിരത്തി നാനൂറോളം കോടി ഇന്ത്യന്‍ രൂപ (23,41,07,80,305.85 ഇന്ത്യന്‍ രൂപ, 1 ബില്യണ്‍ ഖത്തര്‍ റിയാല്‍) നഷ്ടപരിഹാരം നല്‍കണം. ചെലവുകള്‍ സംബന്ധിച്ച വിധി പിന്നീട് പുറപ്പെടുവിക്കുമെന്നും അന്താരാഷ്ട്രാ ചേംബര്‍ ഓഫ് കൊമേഴ്‌സ് അറിയിച്ചു. കരാര്‍ ഏറ്റെടുത്ത കണ്‍സോര്‍ഷ്യം നിയമലംഘനം നടത്തുകയും നിര്‍മാണത്തില്‍ കാലതാമസം വരുത്തുകയും ചെയ്തതിനാല്‍ 2014 ല്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ഇവരുമായുള്ള കരാര്‍ നിയമപരമായി അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന നിയമപോരാട്ടത്തിലാണ് ഖത്തര്‍ ഫൗണ്ടേഷന് അന്താരാഷ്ട്രാ ട്രൈബ്യൂണലിന്റെ അനുകൂല വിധി വന്നിരിക്കുന്നത്. ഒഎച്ച്എല്‍ (ഒബ്രാസ്‌കോണ്‍ ഹുവാര്‍ട്ടെ ലെയ്ന്‍) എന്ന യുകെ നിര്‍മ്മാണ കമ്പനിയും വാഷിംഗ്ടണ്‍, കൈറോ, ദോഹ എന്നിവിടങ്ങളില്‍ മുഖ്യഓഫീസുകളുള്ള അന്താരാഷ്ട്രാ നിര്‍മ്മാണ കമ്പനിയായ കോണ്‍ട്രാക് വാട്‌സും ഒത്തൊരുമിച്ചുള്ള സംയുക്ത സംരഭം (ജെ.വി) ആയിരുന്നു സിദ്ര മെഡിസിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും ഏറ്റെടുത്തത്. ആരോഗ്യ സംരക്ഷണം രംഗത്ത് നവീനമായ സംവിധാനവും രോഗികള്‍ക്ക് വിപുലമായ പരിചരണ സൗകര്യങ്ങളുമേര്‍പ്പെടുത്താനായി നഷ്ടപരിഹാരത്തുക വിനിയോഗിക്കുമെന്നും മുഴുവന്‍ തുകയും സിദ്ര മെഡിസിന്‍ എന്‍ഡോവ്മെന്റില്‍ നിക്ഷേപിക്കുമെന്നും ഖത്തര്‍ ഫൗണ്ടേഷന്‍ അറിയിച്ചു.
ഖത്തറിലെ മാത്രമല്ല മധ്യപൂര്‍വ്വേഷ്യയിലേയും ആഫ്രിക്കന്‍ രാജ്യങ്ങളിലേയും അപൂര്‍വ, ജനിതക രോഗങ്ങളുള്ളവരെ ചികിത്സിക്കുന്ന അത്യന്താധൂനിക സൗകര്യങ്ങളുള്ള ആശുപത്രിയും പ്രമുഖ അക്കാദമിക്, ആരോഗ്യ സംരക്ഷണ ഗവേഷണ സ്ഥാപനവും ഉള്‍പ്പെടുന്നതാണ് സിദ്ര മെഡിസിന്‍ സമുച്ഛയം. ആശുപത്രിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക സേവനങ്ങള്‍ നല്‍കി വരുന്നു.
ഖത്തര്‍ ഫൗണ്ടേഷന്‍ സംയുക്ത സംരഭവുമായി രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനുമായി 2009 ലാണ് കരാര്‍ ഒപ്പിട്ടത്. നിയമലംഘനങ്ങളും കാലതാമസങ്ങളും കാരണം 2014 ല്‍ ഖത്തര്‍ ഫൗണ്ടേഷന്‍ കണ്‍സോര്‍ഷ്യവുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ മധ്യസ്ഥ നടപടികള്‍ ആരംഭിച്ചിരുന്നു. ഇവ ഫലവത്താവാത്തതിനാല്‍ നിയമനടപടികളിലേക്ക് കടക്കേണ്ടി വരികയായിരുന്നു. ഖത്തര്‍ ഫൗണ്ടേഷന് അനുകൂലമായി ലഭിച്ച വിധികളെ ചോദ്യം ചെയ്ത് കണ്‍സോര്‍ഷ്യം 2018 ലും 2019 ലും ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഹൈക്കോടതിയില്‍ രണ്ട് അപേക്ഷകള്‍ ഫയല്‍ ചെയ്തിരുന്നു. ഇവയും പരാജയപ്പെടുകയുണ്ടായി.