ദോഹ: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റിന്റെ ഉപയോഗത്തിന് ലക്ഷ്വറി വിമാനം സമ്മാനിക്കാന്‍ ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നായ ഖത്തര്‍ ശ്രമിക്കുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താല്‍ക്കാലികമായി ഉപയോഗിക്കാനായി യു.എസ് സര്‍ക്കാരിന് വിമാനം സംഭാവന ചെയ്യുന്നതിനെ കുറിച്ച് ഖത്തര്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ ധാരണയിലെത്തിയിട്ടില്ലെന്ന് അമേരിക്കയിലെ ഖത്തര്‍ എംബസി മീഡിയ അറ്റാഷെ അലി അല്‍അന്‍സാരി പറഞ്ഞു. ഈ വിഷയം അമേരിക്കന്‍ പ്രതിരോധ വകുപ്പിലെയും ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിലെയും അഭിഭാഷകര്‍ തമ്മില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
കരാര്‍ അന്തിമമായിട്ടില്ലെങ്കിലും ഒരു വിദേശ ഗവണ്‍മെന്റില്‍ നിന്നുള്ള സംഭാവനയെ കുറിച്ച് ധാര്‍മിക വിദഗ്ധര്‍ ആശങ്കകള്‍ ഉന്നയിക്കുന്നു. ഇത് ഭരണഘടനാ വിരുദ്ധമാകുമെന്നും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ വിദേശ ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മാനങ്ങളോ മറ്റു വിലപ്പെട്ട വസ്തുക്കളോ സ്വീകരിക്കുന്നതില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ വിലക്കുന്ന ശമ്പള വ്യവസ്ഥയുടെ ലംഘനമാണെന്നും അവര്‍ പറയുന്നു.
വിമാനത്തിന് അമേരിക്ക പണം നല്‍കണമെന്ന് പറയുന്നവരെ വിമര്‍ശിച്ചുകൊണ്ട് ട്രംപ് ഞായറാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഖത്തറുമായുള്ള ചര്‍ച്ചകള്‍ സ്ഥിരീകരിച്ചു. എയര്‍ഫോഴ്‌സ് വണ്‍ വിമാനമായി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ പെന്റഗണിന് 747 വിമാനം സൗജന്യമായി ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു. ഖത്തര്‍ രാജകുടുംബത്തില്‍ നിന്ന് വിമാനം സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടം തയാറെടുക്കുകയാണെന്ന് ഞായറാഴ്ച എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എ.ബി.സി ന്യൂസ് പ്രകാരം, ട്രംപിന് തന്റെ രണ്ടാം കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുമ്പു വരെ ഈ വിമാനം തന്റെ പുതിയ എയര്‍ഫോഴ്സ് വണ്‍ വിമാനമായി ഉപയോഗിക്കാന്‍ കഴിയും. കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വിമാനം ട്രംപ് പ്രസിഡന്‍ഷ്യല്‍ ലൈബ്രറി കൈകാര്യം ചെയ്യുന്ന ഫൗണ്ടേഷനിലേക്ക് മാറ്റപ്പെടും.
ഖത്തര്‍ അമേരിക്കന്‍ ഗവണ്‍മെന്റിന് വിമാനം സമ്മാനമായി നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കൃത്യമല്ലെന്ന് അമേരിക്കയിലെ ഖത്തര്‍ എംബസി മീഡിയ അറ്റാഷെ അലി അല്‍അന്‍സാരി ഞായറാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. എയര്‍ഫോഴ്സ് വണ്‍ എന്ന നിലയില്‍ താല്‍ക്കാലിക ഉപയോഗത്തിനായി വിമാനം കൈമാറുന്നത് നിലവില്‍ ഖത്തറിന്റെ പ്രതിരോധ മന്ത്രാലയവും അമേരിക്കന്‍ പ്രതിരോധ വകുപ്പും പരിഗണിക്കുന്നുണ്ട്. ഈ വിഷയം ബന്ധപ്പെട്ട നിയമ വകുപ്പുകള്‍ പരിശോധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല – അലി അല്‍അന്‍സാരി പറഞ്ഞു.
വിമാനത്തിന് പകരമായി ഖത്തര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുമെന്ന് അമേരിക്കന്‍ ഭരണകൂടത്തിന് ആശങ്കയില്ലെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഒപ്പുവെക്കാനിടയുള്ള കരാറിനെ ന്യായീകരിച്ചു. തീര്‍ച്ചയായും ഇല്ല, കാരണം അവര്‍ക്ക് പ്രസിഡന്റ് ട്രംപിനെ അറിയാം, അമേരിക്കന്‍ പൊതുജനങ്ങളുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് മാത്രമേ അദ്ദേഹം പ്രവര്‍ത്തിക്കൂ എന്ന് അവര്‍ക്കറിയാം – ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ലീവിറ്റ് പറഞ്ഞു. വിമാനം സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണത്തിന്റെ നിയമപരമായ വിശദാംശങ്ങള്‍ ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും ഈ സര്‍ക്കാരിനുള്ള ഏതൊരു സംഭാവനയും എല്ലായ്‌പ്പോഴും നിയമം പൂര്‍ണമായും പാലിച്ചാണ് നല്‍കുന്നത്, ഞങ്ങള്‍ പരമാവധി സുതാര്യതക്ക് പ്രതിജ്ഞാബദ്ധരാണ്, ഞങ്ങള്‍ അത് തുടരും – കരോലിന്‍ ലീവിറ്റ് പറഞ്ഞു.
നിലവിലെ എയര്‍ഫോഴ്സ് വണ്ണിന്റെ അവസ്ഥയെ കുറിച്ച് ട്രംപ് വളരെക്കാലമായി പരാതിപ്പെടുന്നു. രണ്ടു പുതിയ എയര്‍ഫോഴ്സ് വണ്‍ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള കരാറുമായി ബന്ധപ്പെട്ട് അദ്ദേഹം ബോയിംഗിനെ വിമര്‍ശിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സമയക്രമത്തേക്കാള്‍ ഏറെ പിന്നിലാണിത്. ബോയിംഗ് കമ്പനിയില്‍ താന്‍ സന്തുഷ്ടനല്ലെന്ന് ഫെബ്രുവരിയില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞങ്ങള്‍ വളരെക്കാലം മുമ്പ് നിശ്ചിത വില നിര്‍ണയിച്ച് ആ കരാര്‍ നല്‍കി. വിമാനങ്ങള്‍ കൈമാറാന്‍ ഇത്രയും സമയമെടുക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനല്ല. നമുക്ക് മറ്റെന്തെങ്കിലും ചെയ്യാം. നമുക്ക് പോയി മറ്റൊരു വിമാനം വാങ്ങാം. അല്ലെങ്കില്‍ ഒരു വിമാനം നേടാം – ട്രംപ് പറഞ്ഞു. ഖത്തര്‍ വിമാനത്തിന് 13 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. നിലവിലുള്ള രണ്ട് എയര്‍ഫോഴ്സ് വണ്‍ വിമാനങ്ങളും മൂന്ന് പതിറ്റാണ്ടുകള്‍ പഴക്കമുള്ളവയും വളരെക്കാലമായി നവീകരണത്തിന് പദ്ധതിയിട്ടിരുന്നതുമാണ്.
ഫെബ്രുവരിയില്‍ ട്രംപ് പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോയിംഗ് 747-8കെ.ബി വിമാനം സന്ദര്‍ശിച്ചിരുന്നു. തന്റെ മാര്‍-എ-ലാഗോയിലെ വീട്ടില്‍ വാരാന്ത്യം ചെലവഴിക്കുന്നതിനിടയില്‍ ശനിയാഴ്ച രാവിലെ ഒരു മണിക്കൂറിലധികം നേരം ട്രംപ് വിമാനം ചുറ്റിനടന്നുകണ്ടു. പി-4എച്ച്.ബി.ജെ എന്ന ടെയില്‍ നമ്പര്‍ രേഖപ്പെടുത്തിയ വിമാനം തുടക്കത്തില്‍ ഖത്തര്‍ അമീരി ഫ്‌ലൈറ്റ് എന്ന നിലയില്‍ എക്‌സ്‌ക്ലൂസീവ് ചാര്‍ട്ടര്‍ എയര്‍ലൈനായാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഏറ്റവും ഒടുവില്‍ ഗ്ലോബല്‍ ജെറ്റ് ആണ് വിമാനം പ്രവര്‍ത്തിപ്പിച്ചതെന്ന് രേഖകള്‍ കാണിക്കുന്നു.
പുതിയ ഹാര്‍ഡ്വെയര്‍/സാങ്കേതികവിദ്യ പരിശോധിക്കാനായി ട്രംപ് ബോയിംഗ് വിമാനത്തില്‍ പര്യടനം നടത്തുകയായിരുന്നുവെന്ന് ട്രംപിന്റെ വക്താവ് സ്റ്റീവന്‍ ച്യൂങ് അന്ന് പ്രസ്താവനയില്‍ പറഞ്ഞു. വാഗ്ദാനം ചെയ്തതു പോലെ കൃത്യസമയത്ത് ഒരു പുതിയ എയര്‍ഫോഴ്സ് വണ്‍ എത്തിക്കുന്നതില്‍ പദ്ധതി പരാജയപ്പെട്ടു. കാരണം അവ ഇതിനകം അഞ്ച് വര്‍ഷം വൈകി – ച്യൂങ് പറഞ്ഞു. ട്രംപിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വിമാനത്തിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയിലേക്ക് മാറ്റുന്നിടത്തോളം കാലം വിമാനം സംഭാവന ചെയ്യുന്നത് നിയമപരമായി അനുവദനീയമാണെന്ന് നിഗമനം ചെയ്യുന്ന വിശകലനം അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയും ട്രംപിന്റെ ഉന്നത വൈറ്റ് ഹൗസ് അഭിഭാഷകനായ ഡേവിഡ് വാറിംഗ്ടണും ചേര്‍ന്ന് തയാറാക്കിയതായി എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിമാനം സ്വീകരിക്കുന്നത്, വിദേശ സര്‍ക്കാരുകളില്‍ നിന്ന് ഗവണ്‍മെന്റ് പ്രവര്‍ത്തകര്‍ എന്തെങ്കിലും സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമങ്ങളെ അവ്യക്തമാക്കുമെന്ന നിലക്ക് ധാര്‍മിക വിദഗ്ധര്‍ ഉന്നയിച്ച ആശങ്കകള്‍ കുറക്കാന്‍ ഈ ഉറപ്പുകള്‍ സഹായിച്ചില്ല. ഇത് അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുമെന്ന് അവര്‍ പറഞ്ഞു.
ട്രംപിന് ഖത്തര്‍ രാജകുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് ഉയര്‍ന്നുവരുന്ന ധാര്‍മിക ചോദ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ചര്‍ച്ച ചെയ്യപ്പെടുന്നതുപോലുള്ള ഒരു കൈമാറ്റം താന്‍ ഒരിക്കലും അനുവദിക്കില്ലായിരുന്നുവെന്ന് 2009 മുതല്‍ 2011 വരെ വൈറ്റ് ഹൗസിലെ ചീഫ് എത്തിക്‌സ് ലോയറും വിദേശ ശമ്പള വ്യവസ്ഥ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനുമായ മുന്‍ യു.എസ് അംബാസഡര്‍ നോം ഐസന്‍ പറഞ്ഞു. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നത് വളരെ വ്യക്തമാണ്. ട്രംപിന്റെ ചൊറിച്ചില്‍ കളയാന്‍ അവര്‍ 40 കോടി ഡോളറിന്റെ വിമാനം അദ്ദേഹത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്നു. ആധുനിക ചരിത്രത്തില്‍ ഒരു വിദേശ ഗവണ്‍മെന്റ് ഒരു അമേരിക്കന്‍ പ്രസിഡന്റിന് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കുമിത് – നോം ഐസന്‍ പറഞ്ഞു. ഓപ്പണ്‍ സീക്രട്ട്‌സ് ഡാറ്റാബേസ് പ്രകാരം, ആദ്യത്തെ ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ഉള്‍പ്പെടെ നിരവധി വര്‍ഷങ്ങളായി ഖത്തര്‍ സര്‍ക്കാരിനുവേണ്ടി ലോബി ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി മുമ്പ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഒരു രാജാവില്‍ നിന്നോ രാജകുമാരനില്‍ നിന്നോ വിദേശ രാജ്യത്തില്‍ നിന്നോ നിങ്ങള്‍ക്ക് സമ്മാനം സ്വീകരിക്കാന്‍ കഴിയില്ലെന്ന് ശമ്പള വ്യവസ്ഥ വളരെ വ്യക്തമാക്കുന്നതായി ഗവണ്‍മെന്റ് വാച്ച്‌ഡോഗായ വാഷിംഗ്ടണിലെ കമ്മ്യൂണിക്കേഷന്‍സ് ഫോര്‍ സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്‍സിബിലിറ്റി ആന്റ് എത്തിക്സ് വൈസ് പ്രസിഡന്റ് ജോര്‍ദാന്‍ ലിബോവിറ്റ്‌സ് പറഞ്ഞു. സര്‍ക്കാരിന് നൂറു കണക്കിന് ഡോളറില്‍ കൂടുതല്‍ വിലമതിക്കുന്ന സമ്മാനം വിദേശ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുമ്പോള്‍ അത് പരമ്പരാഗതമായി നാഷണല്‍ ആര്‍ക്കൈവിനാണ് നല്‍കുന്നതെന്ന് ലിബോവിറ്റ്‌സ് വിശദീകരിച്ചു. വിമാനത്തിന്റെ കാര്യത്തില്‍ ഇത് അങ്ങനെയല്ലെന്ന് ലിബോവിറ്റ്‌സ് പറഞ്ഞു. ഇത് തീര്‍ച്ചയായും ഒരു സമ്മാനമാണെന്ന് തോന്നുന്നു. ഏത് നിര്‍വചനമനുസരിച്ചായാലും, പ്രസിഡന്റ് പദവിയിലായിരിക്കുമ്പോള്‍ ട്രംപ് ഇത് ഉപയോഗിക്കും. പിന്നീട് പദവി ഒഴിഞ്ഞതിനു ശേഷവും അദ്ദേഹം ഇത് ഉപയോഗിക്കും. അതിനാല്‍ ഇത് സര്‍ക്കാരിന് കൈമാറുന്ന ഒന്നാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ട്രംപും കുടുംബവും ഖത്തറുമായി ബിസിനസ്സ് നടത്തുന്നതിനാല്‍ ഈ സമ്മാനം ധാര്‍മിക ആശങ്കകള്‍ ഉയര്‍ത്തുന്നു. അദ്ദേഹം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നു. ഖത്തര്‍ ഗവണ്‍മെന്റിന്റെ തലവനെ കാണാന്‍ പോകുന്നു. അപ്പോള്‍ ഇത് ഒരു വലിയ ചോദ്യം ഉയര്‍ത്തുന്നു. അദ്ദേഹം അമേരിക്കന്‍ ജനതയുടെ താല്‍പര്യത്തിനാണോ അതല്ല, അദ്ദേഹത്തിന്റെ സ്വന്തം കമ്പനിയുടെ താല്‍പര്യത്തിനാണോ നടപടിയെടുക്കുന്നത്? – ജോര്‍ദാന്‍ ലിബോവിറ്റ്‌സ് ആരാഞ്ഞു. ട്രംപ് ഇയാഴ്ച ഖത്തറും സൗദി അറേബ്യയും യു.എ.ഇയും സന്ദര്‍ശിക്കും.