ദോഹ- മരുഭൂമിയുടെ സൗന്ദര്യം ആവോളമാസ്വദിച്ച് ഖത്തറില്‍ നിന്ന് സഊദിയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കാന്‍ പാതയൊരുങ്ങുന്നു. ദോഹയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള ബഹ്‌റൈന്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലേക്ക് എളുപ്പത്തിലെത്താന്‍ കൂടി സാധ്യമാവുന്ന ഖത്തര്‍-സഊദി റെയില്‍ ലിങ്ക് കരാറിന്റെ കരട് രൂപത്തിന് ഖത്തര്‍ മന്ത്രിസഭാ യോഗം അടുത്തിടെ അംഗീകാരം നല്‍കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള റെയില്‍ പാത സംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടകാലമായി ഉണ്ടെങ്കിലും ഈയ്യിടെ ഇക്കാര്യത്തില്‍ വന്‍പുരോഗതിയുണ്ടായി. 2022-ല്‍ ദോഹ സന്ദര്‍ശനത്തിനെത്തിയ സഊദിഅറേബ്യയുടെ ഗതാതഗ മന്ത്രി എഞ്ചിനീയര്‍ സാലിഹ് ബിന്‍ നാസര്‍ അല്‍ജാസിറും ഖത്തര്‍ ഗതാഗത മന്ത്രിയായിരുന്ന ജാസിം സൈഫ് അഹ്‌മദ് അല്‍സുലൈത്തിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് വീണ്ടും റെയില്‍ സാധ്യത സംബന്ധിച്ച് ചര്‍ച്ച നടന്നത്.
ഇരു രാഷ്ട്രങ്ങള്‍ തമ്മിലും ആലോചന സജീവമാക്കാനും പരമാവധി വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ തീരുമാനിക്കുകയും ചെയ്തു. അനുയോജ്യമായ റെയില്‍ ഗതാഗത പദ്ധതി സംബന്ധിച്ച് പഠനത്തിന് തുടക്കം കുറിക്കാനും അന്ന് മന്ത്രിതല തീരുമാനമുണ്ടായി. ഇതേത്തുടര്‍ന്നാണ് സഊദി-ഖത്തര്‍ റെയില്‍വെ ലിങ്ക് കരാറിന്റെ കരടുരൂപം തയ്യാറാക്കിയത്. അന്നത്തെ തീരുമാനപ്രകാരം ഉണ്ടാക്കിയ ഈ കരട് രൂപത്തിനാണ് ഈയ്യിടെ മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഖത്തര്‍-സഊദി റെയില്‍ പാത പ്രായോഗിക തലത്തിലേക്ക് സജീവമായി മുന്നോട്ടുപോവുന്നുവെന്നതാണ് ഈ നീക്കം നല്‍കുന്ന സൂചന.
ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറ് രാജ്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍ പദ്ധതി 2030-ഓടെ നടപ്പിലാവുമെന്നാണ് പ്രതീക്ഷ. ഇതിലേക്ക് ബന്ധിപ്പിക്കുന്ന പാത കൂടിയാവും ഖത്തറില്‍ നിന്ന് സഊദിയിലേക്ക് വരുന്ന ലിങ്ക് റെയില്‍ പാത.
അയല്‍രാജ്യവുമായി ബന്ധിപ്പിക്കുന്ന ഖത്തറിന്റെ ആദ്യമെയിന്‍ ലൈന്‍ റെയില്‍വേയായിരിക്കും ഖത്തര്‍ സഊദി ലിങ്ക് റെയില്‍. ഏകദേശം 100 കിലോമീറ്റര്‍ നീളമുള്ള പുതിയ പാത ദോഹയില്‍ നിന്ന് സൗദി അറേബ്യയുടെ അതിര്‍ത്തിയിലുള്ള അബുസംറ വരെയായിരിക്കും. സഊദിയിലെ ദമാം സൗത്തില്‍ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ അതിര്‍ത്തിയായ ഗുവൈഫാത്തിലേക്ക് പോകുന്ന ഗള്‍ഫ് റെയില്‍വേ പാതയുമായി ഇത് ബന്ധിപ്പിക്കും. ഈ പാത അബുദാബി, ദുബൈ്, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള ഇത്തിഹാദ് റെയില്‍ ശൃംഖലയുമായും ബന്ധിപ്പിക്കും.



