ദോഹ – വില്ലകൾ, അപ്പാർട്മെൻ്റുകളടക്കം ഖത്തറിലെ താമസ വസ്തു ഇടപാടിൽ വൻ കുതിപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് നൂറു ശതമാനത്തിലേറെ വർധനയാണ് ഉണ്ടായിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് വിപണി ശക്തമായി തുടരുന്നതിൻ്റെ സൂചനയാണ് ഇടപാടുകളിലെ വർധന.
ആഗോള റിയൽ എസ്റ്റേറ്റ് കൺസൽട്ടൻ്റായ നൈറ്റ് ഫ്രാങ്കിൻ്റെ കണക്കു പ്രകാരം, 2025 രണ്ടാം പാദത്തിൽ ഖത്തറിലെ താമസ-പാർപ്പിട ഇടപാടുകളിൽ 114 ശതമാനത്തിൻ്റെ വർധനയാണ് ഉണ്ടായത്. ഇക്കാലയളവിൽ 923 കോടി ഖത്തർ റിയാൽ മൂല്യമുള്ള 1844 വസ്തു ഇടപാടുകളാണ് രജിസ്റ്റർ ചെയ്തത്.
ദോഹയിൽ 3.85 ബില്യൺ ഖത്തർ റിയാലിൻ്റെ ഇടപാട് നടന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 126 ശതമാനം വർധനയാണ് ദോഹയിൽ ഉണ്ടായത്. അൽ ദായിനിൽ 164 ശതമാനത്തിന്റെയും വക്റയിൽ 127 ശതമാനത്തിൻ്റെയും വർധന രേഖപ്പെടുത്തി.
മുൻ വർഷത്തെ അപേക്ഷിച്ച് അപ്പാർട്മെന്റ് ഇടപാടുകളിൽ 3.5 ശതമാനത്തിൻ്റെ വർധനയുണ്ടായി. ശരാശരി 13,270 ഖത്തർ റിയാലാണ് പ്രധാന മേഖലകളിൽ ചതുരശ്ര മീറ്ററിൻ്റെ മൂല്യം. മുൻ വർഷത്തെ അപേക്ഷിച്ച് വില്ലകളുടെ ഇടപാട് മൂല്യത്തിൽ നാലു ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തി. നിലവിൽ ചതുരശ്ര മീറ്ററിന് ശരാശരി 6745 റിയാലാണ് വില. റിയൽ എസ്റ്റേറ്റ് മേഖലയിൽ 85 ശതമാനത്തിന്റെയും വർധനയുണ്ടായി. ആകെ നടന്നത് 2.16 ബില്യൺ ഖത്തർ റിയാൽ മൂല്യമുള്ള 598 ഇടപാടുകളാണ്.