ദോഹ– കുട്ടികള്‍ക്ക് വ്യത്യസ്തമായ കളികളും മത്സരങ്ങളും. രക്ഷിതാക്കള്‍ക്കും ഗെയിമിങ്ങ്. പലതരം കലാപരിപാടികള്‍… ആകെ മൊത്തം ഉത്സവപ്രതീതിയാണ് ദോഹയിലെ മെട്രോ സ്‌റ്റേഷനില്‍. ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനില്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഷനിലാണ് ഖത്തര്‍ റെയില്‍ നടത്തുന്ന ‘ബാക് ടു സ്‌കൂള്‍’ രണ്ടാം പതിപ്പ് സജീവമായി മുന്നേറുന്നത്. ഖത്തറിലെ സ്‌കൂള്‍ സപ്ലൈസ് റീട്ടെയിലര്‍മാരുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തിയുള്ള പരിപാടി ആഗസ്ത് 19 ന് ആണ് തുടക്കമിട്ടത്. ഏറെ ആകര്‍ഷകമായി തുടരുന്ന ഈ ചടങ്ങ് സപ്തംബര്‍ 2 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പൊതു-സ്വകാര്യ മേഖലകളെ സഹകരിപ്പിച്ചു നടത്തുന്ന ഈ പരിപാടി മെട്രോ ഇവന്റ്‌സ് പരമ്പരയുടെ ഭാഗമാണെന്ന് ഖത്തര്‍ റെയില്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മെട്രോ സ്‌റ്റേഷനുകളെ സജീവമായ ജനപങ്കാളിത്തമുളള ഇടങ്ങളാക്കി നിലനിര്‍ത്താനും പൊതുഗതാതം കൂടുതല്‍ സജീവമാക്കാനുമാണ് ഇത്തരം ചടങ്ങുകളിലുടെ ലക്ഷ്യമിടുന്നത്. ബാക് ടു സ്‌കൂള്‍ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഗെയിമിങ്ങ് സോണ്‍, പെയിന്റിംഗ്, കളറിംഗ്, കലാപരിപാടികള്‍ തുടങ്ങിയവയാണ് അരങ്ങേറുന്നത്. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലയേറിയ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രത്യേക ഓഫറുകളും ലഭ്യമാണ്.
ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിവസങ്ങള്‍ വൈകീട്ട് നാലു മുതല്‍ രാത്രി എട്ടുവരേയും വെള്ളി, ശനി വാരാന്ത്യങ്ങളില്‍ വൈകീട്ട് നാലു മുതല്‍ രാത്രി എട്ടുവരേയുമാണ് ഖത്തര്‍ റെയിലിന്റെ ബാക് ടു സ്‌കൂള്‍ പരിപാടികള്‍ നടക്കുക. ഈ പരിപാടിയുടെ ഭാഗമായി ഖത്തര്‍ റെയില്‍ 365 ദിവസവും ഉപയോഗിക്കാവുന്ന 990 ഖത്തര്‍ റിയാലിന്റെ വാര്‍ഷിക പാസ് യാത്രക്കാര്‍ക്കായി പ്രഖ്യാപിക്കുകയുണ്ടായി. ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ യാത്ര ചെയ്യാവുന്ന ഈ പാസ് മുഖേന ദോഹ മെട്രോയിലെ എല്ലാ സ്‌റ്റേഷനുകളിലൂടേയും ലുസൈല്‍ ട്രാമിലും പരിധിയില്ലാതെ യാത്ര ചെയ്യാമെന്നതാണ് പ്രത്യേകതയെന്നും ഖത്തര്‍ റെയില്‍ വിശദീകരിച്ചു.
‘മാതാപിതാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ ആകാംക്ഷയോടെയാണ് ഈ പരിപാടികളില്‍ പങ്കെടുക്കുന്നത്. ‘ബാക്ക് ടു സ്‌കൂള്‍’ പരിപാടിയുടെ രണ്ടാം പതിപ്പ് പ്രത്യേക ഷോപ്പിംഗ് പ്രമോഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനപ്പുറം, കുടുംബംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള ഒരു സംഗമസ്ഥാനം ഉണ്ടാക്കുക കൂടിയാണ്. വിവിധ പുസ്തകശാലകളും വിവിധ റീട്ടെയിലര്‍മാരുമായും പങ്കാളിത്തം ഇതിലുണ്ട്. ഖത്തര്‍ റെയില്‍ മെട്രോ സ്റ്റേഷനുകളില്‍ പതിവായി സംഘടിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ‘മെട്രോ ഇവന്റ്‌സ്’ പരമ്പരയുടെ ഭാഗമായാണ് ഈ പരിപാടി നടക്കുന്നത്. വിവിധ സ്റ്റേഷനുകളെ ചലനാത്മകവും സാമൂഹികമായ ഒത്തുചേരല്‍ സാധ്യമാക്കുന്ന കമ്മ്യൂണിറ്റി ഹബ്ബുകളാക്കി മാറ്റുന്നതിനുമുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.”- ഖത്തര്‍ റെയില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ അബ്ദുല്ല അലി അല്‍ മൗലവി പറഞ്ഞു.