ന്യൂയോര്‍ക്ക് – ഇസ്രായില്‍ ഗാസയിലുള്ള ബന്ദികളുടെ ജീവന്‍ ശ്രദ്ധിക്കുന്നില്ലെന്ന്, ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി. ഇസ്രായില്‍ ആക്രമണം വിശകലനം ചെയ്യാന്‍ ചേര്‍ന്ന യു.എന്‍ രക്ഷാ സമിതി അടിയന്തിര യോഗത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഗാസ വെടിനിര്‍ത്തല്‍ സംബന്ധിച്ച അമേരിക്കന്‍ നിര്‍ദേശത്തോടുള്ള പ്രതികരണം ചര്‍ച്ച ചെയ്യുന്നതിനിടെ ദോഹയിലെ ഹമാസ് പ്രതിനിധി സംഘത്തിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തെ ഖത്തര്‍ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസ് ബന്ദികളാക്കിയവരുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുവെന്നും സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കിയെന്നും ശൈഖ് അല്‍ഥാനി വ്യക്തമാക്കി.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കുന്നതില്‍ ഖത്തര്‍ വഹിച്ച പങ്ക് പ്രാദേശികമായും അന്തര്‍ദേശീയമായും വിലമതിക്കപ്പെടുന്നു. ഈജിപ്തുമായും അമേരിക്കയുമായുമുള്ള പങ്കാളിത്തത്തോടെ ഖത്തര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ 148 ഇസ്രായിലി വിദേശ ബന്ദികളെയും നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കാനും ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കാനും സഹായിച്ചു. ഇസ്രായില്‍ നടത്തിയ ആക്രമണം വഞ്ചനാപരമാണെന്ന് കുറ്റപ്പെടുത്തിയ ശൈഖ് അല്‍ഥാനി ഇത് പ്രാദേശിക, ആഗോള സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി. ‘ഇസ്രായില്‍ ഭരിക്കുന്ന തീവ്രവാദികള്‍ ബന്ദികളുടെ ജീവനെ കുറിച്ച് ശ്രദ്ധിക്കുന്നില്ല. അല്ലെങ്കില്‍, വെടിനിര്‍ത്തല്‍ വിശകലനം ചെയ്യാനായി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എങ്ങിനെ ആക്രമണം നടത്തും’ – ശൈഖ് അല്‍ഥാനി പറഞ്ഞു.
ഹമാസ് ചര്‍ച്ചാ പ്രതിനിധി സംഘം യോഗം ചേര്‍ന്ന സ്ഥലം ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ ആക്രമണത്തെ രാഷ്ട്രഭീകരത എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗങ്ങളും അവരുടെ കുടുംബങ്ങളും താമസിക്കുന്ന ദോഹയിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് വ്യോമാക്രമണം നടന്നത്. യു.എസിന്റെ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഹമാസ് പ്രതിനിധി സംഘം യോഗം ചേര്‍ന്നപ്പോഴാണ് മിസൈലുകള്‍ പതിച്ചത്. ഈ ആക്രമണം ഖത്തറിനെതിരെ മാത്രമല്ല, സമാധാനത്തിനായി പരിശ്രമിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമെതിരെയാണ്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനും ബന്ദികളുടെ മോചനം ഉറപ്പാക്കാനും ഖത്തര്‍ ശ്രമങ്ങള്‍ തുടരും. യുദ്ധത്തിനല്ല, സമാധാനത്തിനാണ് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നതെന്നും ശൈഖ് അൽഥാനി പറഞ്ഞു.
എന്നാൽ ഹമാസിന് ഒരു പരിരക്ഷയും ഉണ്ടാകില്ലെന്ന് ഇസ്രായില്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ പറഞ്ഞിരുന്നു. പാക്കിസ്ഥാനില്‍ ബിന്‍ ലാദനെ ഇല്ലാതാക്കിയപ്പോള്‍, വിദേശ മണ്ണില്‍ ഒരു ഭീകരന്‍ ആക്രമിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യമല്ല ഉന്നയിച്ചത്. മറിച്ച്, എന്തുകൊണ്ടാണ് അദ്ദേഹത്തിന് അഭയം നല്‍കിയത് എന്നായിരുന്നു. ബിന്‍ ലാദന് ഒരു പരിരക്ഷയും ഉണ്ടായിരുന്നില്ല, ഹമാസിനും ഒരു പരിരക്ഷയും ഉണ്ടാകില്ല – ഡാനി ഡാനോണ്‍ പറഞ്ഞു.