ദോഹ: ഖത്തറിലെ ഏറ്റവും വലിയ ബാങ്കുകളിലെന്നായ ഖത്തർ ഇസ്ലാമിക് ബാങ്ക് (QIB) 3 വർഷ കാലയളവിൽ 1 ബില്യൺ ഡോളർ (8730 കോടി രൂപ) മൂല്യമുള്ള ഇരട്ട-ട്രാഞ്ച് മുറാബഹ ഇടപാട് (പലിശ രഹിത ഇടപാട്) വിജയകരമായി പൂർത്തിയാക്കിയതായി അറിയിച്ചു. ആദ്യം 600 മില്യൺ ഡോളറാണ് ലക്ഷ്യമിട്ടിരുന്നെങ്കിലും രംഗത്തേക്ക് കൂടതൽ സ്ഥാപനങ്ങൾ കടന്നു വന്നതോടെ ഒരു ബില്യൺ ഡോളറായി ഉയർത്തുകയായിരുന്നു.
ഈ ഇടപാടിൽ എച്ച്എസ്ബിസി മിഡിൽ ഈസ്റ്റ്, എസ്എംബിസി ബാങ്ക് ഇന്റർനാഷണൽ, സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നിവരുമായി ചേർന്നാണ് പ്രവർത്തിച്ചത്. പ്രാദേശിക ബാങ്കുകൾ , ഏഷ്യൻ ബാങ്കുകൾ, അന്താരാഷ്ട്ര ബാങ്കുകൾ എന്നിവരുടെയല്ലാം പൂർണ പിന്തുണ ലഭിച്ചിരുന്നു. കൂടാതെ 15 സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഈ പദ്ധതിയിൽ ഉണ്ടായിരുന്നു.
“ഈ വിജയകരമായ ഇടപാട് ഖത്തറിന്റെ ബാങ്കിംഗ് മേഖലയുടെയും QIBയുടെ ശക്തിയുടെയും തെളിവാണ്. പുതിയ നിക്ഷേപകരുമായി ബന്ധം വളർത്താനും നമ്മുടെ സ്ഥാനം ശക്തിപ്പെടുത്താനും ഇത് സഹായിച്ചു.” ഖത്തർ ഇസ്ലാമിക് ബാങ്കിന്റെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ബാസൽ ഗമാൽ അഭിപ്രായപ്പെട്ടു.
2025-ലെ ആദ്യ പകുതിയിൽ ബാങ്കിന്റെ ലാഭം 2,175 മില്യൺ റിയാലിൽ എത്തിയിരുന്നു, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 5.3 ശതമാനം വർധനവുണ്ട്. ബാങ്കിന്റെ നിഷ്‌ക്രിയ ധനകാര്യ ആസ്തികളുടെ അനുപാതം 1.75 ശതമാനമായി കുറക്കാനും സാധിച്ചു, കൂടാതെ കരുതൽ പണം 95 ശതമാനം കവറേജോടെ നിലനിർത്താനും സാധിച്ചു.
അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗുകൾ ഉറപ്പാക്കുകയും ബാങ്കിംഗ് രംഗത്ത് മികച്ച പ്രകടനം തുടരുന്ന ഇവർക്ക് നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്.