ദോഹ – ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുനത്തിനുള്ള നടപടികൾ സ്വീകരിക്കാൻ ദോഹയിൽ നടന്ന ഖത്തർ-ഇന്ത്യ ബിസിനസ് കൗൺസിൽ യോഗത്തിൽ ധാരണ. യോഗത്തിൽ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി അൽ-താനി, ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, ഖത്തർ വിദേശകാര്യ വ്യാപാര സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ-സയ്യിദ്, ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽതാനി, ഖത്തർ ഇന്ത്യൻ അംബാസഡർ വിപുൽ, ഖത്തറിലെയും ഇന്ത്യയിലെയും വ്യാപാര വാണിജ്ജ്യ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
ഖത്തർ-ഇന്ത്യ ബിസിനസ് കൗൺസിൽ യോഗം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രധാന നാഴികക്കല്ലാണെന്ന് ഷെയ്ഖ് ഫൈസൽ ബിൻ താനി അൽ-താനി പറഞ്ഞു. ഈ വർഷം ആദ്യം അമീറിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഫലങ്ങൾ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും സഹകരണത്തിനുള്ള പുതിയ വഴികൾ തുറക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . 2024-ൽ ഇന്ത്യ ഖത്തറിന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും ഉഭയകക്ഷി വ്യാപാരം 48 ബില്യൺ റിയാലായി (13.1 ബില്യൺ ഡോളർ) ഉയർന്നതായും മന്ത്രി ഷെയ്ഖ് ഫൈസൽ പറഞ്ഞു. ആഗോള സാമ്പത്തിക റാങ്കിംഗിൽ ഖത്തറിന്റെ തുടർച്ചയായ പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി, 2025-ലെ ആഗോള മത്സരക്ഷമതാ റിപ്പോർട്ടിൽ രാജ്യത്തിന്റെ 9-ാം സ്ഥാനം അതിന്റെ ശക്തമായ സാമ്പത്തിക പ്രതിരോധശേഷിയുടെയും ബിസിനസ് അന്തരീക്ഷത്തിന്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖത്തർ-ഇന്ത്യ സഹകരണത്തിന് അവസരങ്ങൾ നൽകുന്ന ഉൽപ്പാദനം, വിവരസാങ്കേതികവിദ്യ, ഡിജിറ്റൽ, സാമ്പത്തിക സേവനങ്ങൾ, കൃഷി, ആരോഗ്യ സംരക്ഷണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന്റെ നൂതന കാഴ്ചപ്പാടിലൂടെ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള പങ്കാളിത്തം വളർത്തിയെടുക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഫെബ്രുവരിയിൽ ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളിൽ വഴിത്തിരിവായി മാറിയെന്ന് മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു .നമ്മുടെ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർന്നതോടെ, നമ്മുടെ വ്യാപാര ബന്ധത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള അവസരമാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഖത്തർ-ഇന്ത്യ ജോയിന്റ് ബിസിനസ് കൗൺസിൽ, ജോയിന്റ് കമ്മീഷൻ ഓൺ ഇക്കണോമിക് ആൻഡ് കൊമേഴ്‌സ്യൽ കോ-ഓപ്പറേഷൻ തുടങ്ങിയ സംയുക്ത സംവിധാനങ്ങളിലൂടെ കൈവരിച്ച പുരോഗതിയെക്കുറിച്ച് മന്ത്രി ഗോയൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി നിലകൊള്ളുന്നു. ഖത്തറുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമാണെന്നും 2025 ഇന്ത്യ – ഖത്തർ വ്യാപാര, നിക്ഷേപ ബന്ധത്തിൽ നിർണായകമായ വർഷമായിരിക്കുമെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.