ദോഹ- വായുവില്‍ നിന്ന് നേരിട്ട് വെള്ളം ശേഖരിക്കുന്ന അതിനൂതന സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കി ഖത്തര്‍ രംഗത്ത്. ഗള്‍ഫിലുടനീളം കാലാവസ്ഥാ വെല്ലുവിളികള്‍ രൂക്ഷമാകുമ്പോള്‍ ഇത്തരമൊരു സാങ്കേതിക മുന്നേറ്റവുമായി ഖത്തറെത്തുന്നത് ശ്രദ്ധേയമാവുകയാണ്. ഈ പദ്ധതി ഖത്തറിന് തങ്ങളുടെ ജല സമ്പത്തിന്റെ ഭാവി സുരക്ഷിതമാക്കാനും സാങ്കേതികമായും സാമ്പത്തികമായും മികവ് ഉണ്ടാക്കാനും സഹായകരമാവുമെന്നാണ് വിലയിരുത്തല്‍.
അറ്റ്മോസ്ഫിയറിക് വാട്ടര്‍ ജനറേഷന് (AWG) എന്ന സാങ്കേതിക വിദ്യ വഴി അന്തരീക്ഷത്തില്‍ നിന്ന് ഈര്‍പ്പം പിടിച്ചെടുത്ത് ശുദ്ധവും ധാതുവല്ക്കരിക്കപ്പെട്ടതുമായ കുടിവെള്ളമാക്കി മാറ്റുകയാണ് ചെയ്യുക. കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പ് നീക്കം ചെയ്യുന്ന ഡിസാലിനേഷന്‍ എന്ന പ്രകിയക്ക് ബദലാണിത്. ഖത്തറിലുടനീളമുള്ള 60-ലധികം പൊതു, സ്വകാര്യ സംരംഭങ്ങള്‍ എഡബ്ലുജി യൂണിറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ സൗകര്യങ്ങള്‍, സ്കൂളുകള്‍, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 250-ലധികം സ്ഥലങ്ങളില്‍ സാങ്കേതികവിദ്യ വിന്യസിച്ചിട്ടുമുണ്ട്. ഖത്തര്‍ ഫൗണ്ടേഷന്, പരിസ്ഥിതി മന്ത്രാലയം, ഖത്തര്‍ പൊതുസുരക്ഷാ വകുപ്പ് തുടങ്ങിയ നിരവധി പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കരാറുകള്‍ അന്തിമ ഘട്ടത്തിലാണ്.
നിലവില്‍ അറുപത് ശതമാനത്തോളം കുടിവെള്ളം ഡിസാലിനേഷന്‍ എന്ന പ്രക്രിയ വഴി ഉത്പാദിപ്പിക്കുന്ന ഖത്തറിന് ഈ സാങ്കേതികത പാരിസ്ഥതികമായും സാമ്പത്തികമായും നേട്ടമുണ്ടാക്കാന്‍ ഉപകരിക്കും. ഖത്തര്‍ പോലുള്ള വരണ്ട പ്രദേശങ്ങളില്‍ ജല സുരക്ഷ ഉറപ്പാക്കുകയും പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുകയും ചെയ്യുന്ന പദ്ധതിയാണ് നിലവില്‍ വരുന്നത്.
പരിസ്ഥിതി സൗഹൃദമെന്നതോടൊപ്പം പുനരുപയോഗിക്കുന്ന തരത്തില്‍ കൂടി ശുദ്ധമായ വെള്ളം ജനങ്ങള്‍ക്ക് എത്തിക്കാന്‍ സാധിക്കുമെന്നും ജല സുസ്ഥിരതയിലെ പ്രമുഖ വിദഗ്ദ്ധയും സ്കൈഡ്രോപ്സ് സസ്റ്റൈനബിള്‍ വാട്ടര്‍ ടെക്നോളജീസിന്റെ സിഇഒയുമായ റാണ കുര്‍ദി പറഞ്ഞു. വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ജല ഉപഭോഗം ഈ രാജ്യത്തുണ്ട്. ഒരാള്‍ക്ക് പ്രതിദിനം 500 ലിറ്ററില്‍ കൂടുതല്‍ വേണ്ടി വരുന്നു. അതുകൊണ്ടു തന്നെ ഖത്തര്‍ സര്‍ക്കാര്‍ ദേശീയ വികസന പദ്ധതി-2030 ന്റെ ഭാഗമായി നൂതന ജല സാങ്കേതികവിദ്യകള്‍ക്ക് വളരെയധികം മുന്‍ഗണന നല്‍കിയിട്ടുണ്ട്.
ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിലൂടെയും, ഓരോ ജനറേറ്ററിന്റെയും വലുപ്പവും ഭാരവും കുറയ്ക്കുന്നതിലൂടെയും, ഈ അറ്റ്മോസ്ഫിയറിക് വാട്ടര്‍ ജനറേഷന് വഴി ശേഷി വര്‍ധിപ്പിച്ചുകൊണ്ട് ഖത്തറിലും അതിനപ്പുറത്തും അന്തരീക്ഷ ജല സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കഴിയുമെന്നതും ശ്രദ്ധേയമാണെന്ന് കുര്‍ദി ചൂണ്ടിക്കാട്ടി. ഈ സാങ്കേതികവിദ്യ നടപ്പില്‍വരുത്തുന്നതിനായി ചെയ്യുന്നതില്‍ പൊതു മേഖലയ്ക്കൊപ്പം സ്വകാര്യ മേഖലയും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ജല സുരക്ഷാ ഫോറത്തിന്റെ 2024 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, 2030 ആകുമ്പോഴേക്കും ജിസിസി ജല സാങ്കേതിക വിപണി 4.3 ബില്യണ്‍ ഡോളറിലെത്തും. മാത്രമല്ല നവീകരണത്തിലൂടെയും കയറ്റുമതിയിലൂടെയും ഖത്തറിന് ആ വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കാനാവുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.