ദോഹ – ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ തടഞ്ഞതായി ഖത്തര്‍ അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. അവയെല്ലാം പരാജയപ്പെടുത്തിയെന്ന് ഖത്തര്‍ വിദേശ മന്ത്രാലയ വക്താവ് മാജിദ് അല്‍അന്‍സാരി ദോഹയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഖത്തര്‍ ഇറാനുമായി ബന്ധപ്പെടുന്നില്ലെന്നും വിദേശ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, യൂറിയ, പോളിമര്‍, മെഥനോള്‍, അലൂമിനിയം എന്നിവ അടക്കം ചില കെമിക്കല്‍, പെട്രോകെമിക്കല്‍, പരിവര്‍ത്തന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു. ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം നിര്‍ത്താനുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഈ നടപടിയെന്ന് കമ്പനി പ്രസ്താവനയില്‍ വിശദീകരിച്ചു.



