ദോഹ – പൊതു സുരക്ഷ നിലനിർത്താനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, യു.എസ് എംബസിക്ക് സമീപം താമസിക്കുന്നവരെ താൽക്കാലികമായി ഒഴിപ്പിക്കാൻ തുടങ്ങിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷയും പ്രതിരോധവും വർധിപ്പിക്കാനുള്ള മുൻകരുതൽ നടപടിയാണിത്. ഒഴിപ്പിക്കുന്ന താമസക്കാർക്ക് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഈ കാലയളവിൽ അവരുടെ സുരക്ഷയും ആവശ്യമായ പിന്തുണയുടെ തുടർച്ചയും ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങളെ കുറിച്ചുള്ള കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളെ പിന്തുടരാൻ ആഭ്യന്തര മന്ത്രാലയം സ്വദേശികളോടും പ്രവാസികളോടും അഭ്യർഥിച്ചു.
നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ, സംഭവസ്ഥലങ്ങളിൽ ഒത്തുകൂടരുതെന്നും ഫീൽഡിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ചിത്രീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു. അത്തരം നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും പ്രതികരണ വേഗതയെയും എല്ലാവരുടെയും സുരക്ഷയെയും ബാധിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അതിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ വിശദീകരിച്ചു. രാജ്യത്ത് ഇപ്പോഴും സുരക്ഷാ ഭീഷണി ഉയർന്നതാണെന്നും എല്ലാവരും വീടിനുള്ളിൽ തന്നെ തുടരണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ഇന്നലെ എയർ ഓപ്പറേഷൻസ് സെന്റർ സന്ദർശിച്ച് സൈനിക യൂണിറ്റുകളുടെ ഉയർന്ന സുസജ്ജതയും തയ്യാറെടുപ്പുകളും വിലയിരുത്തിയിരുന്നു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള ചട്ടക്കൂടിനുള്ളിൽ, ഓപ്പറേഷനുകളുടെ പുരോഗതിയെ കുറിച്ചും, സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും ഖത്തർ വ്യോമാതിർത്തിയും പ്രദേശിക ജലാശയങ്ങളും സംരക്ഷിക്കാനും സ്വീകരിച്ച നടപടികളെ കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥർ ഖത്തർ അമീറിനു മുന്നിൽ വിശദീകരിച്ചു.
ഖത്തർ സായുധ സേനാംഗങ്ങളുടെ ശ്രമങ്ങളെയും ചുമതലകൾ നിർവഹിക്കുന്നതിൽ അവർക്കുള്ള ഉയർന്ന കഴിവുകളെയും അമീർ പ്രശംസിച്ചു. രാജ്യത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷ കാത്തുസൂക്ഷിക്കാനും സന്നദ്ധതയും ഏകോപനവും വർധിപ്പിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം അമീർ എടുത്തുപറഞ്ഞു.



