ദോഹ– ഇന്ത്യയും ഖത്തറും പരസ്പരം നിക്ഷേപത്തിലും വ്യാപാരത്തിലും പങ്കാളിത്തം ഊർജിതമാക്കാൻ തീരുമാനം. ഇരു രാജ്യങ്ങളിലെയും വാണിജ്യ ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികൾ ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്തത്. സാങ്കേതികവിദ്യ, ഭക്ഷ്യ വ്യവസായങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളെ കുറിച്ചും ചർച്ച നടത്തി. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 48 ബില്യൺ റിയാലിലെത്തിയിരുന്നു. ചർച്ചയിൽ ബോർഡ് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി ചേംബറിനെ പ്രതിനിധീകരിച്ചു.
ഖത്തറിനും ഖത്തരി സ്വകാര്യ മേഖലക്കും ഇന്ത്യ ഒരു പ്രധാന വ്യാപാര പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനെ ബിസിനസ് കേന്ദ്രമായി സ്ഥാപിക്കുന്ന സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക് സേവനങ്ങൾ ഖത്തറിന്റെ നിക്ഷേപ നേട്ടങ്ങളും അദ്ദേഹം അവലോകനം ചെയ്തു. ഖത്തറിൽ നിക്ഷേപം വർധിപ്പിക്കാൻ ഇന്ത്യൻ ബിസിനസുകാരെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും വാണിജ്യ ചേംബർ ഓഫ് കൊമേഴ്‌സ് തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെയും വ്യാപാര പ്രതിനിധികളുടെ പതിവ് കൈമാറ്റവും നിക്ഷേപ പ്രോത്സാഹന സ്ഥാപനങ്ങളുമായുള്ള സഹകരണം വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകത മഹ്ദി അൽ അഹ്ബാബി വ്യക്തമാക്കി.