ദോഹ : ഖത്തറിലെ ഔദ്യോഗിക അവധി ദിനങ്ങൾ സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി അംഗീകാരം നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീരുമാനം പ്രകാരം മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ, എന്നിവയുടെ ഔദ്യോഗിക അവധി ദിനങ്ങൾ ക്രമീകരിച്ചു . പുതിയ വിജ്ഞാപനം അനുസരിച്ചു ഈദുൽ-ഫിത്തർ അവധി റമദാൻ 28നു ആരംഭിച്ച് ശവ്വാൽ 4ന് അവസാനിക്കും.
ഈദുൽ-അദ്ഹ അവധി ദുൽ-ഹിജ്ജ 9 മുതൽ ദുൽ-ഹിജ്ജ 13 വരെയായിരിക്കും. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18നും അവധിയായിരിക്കും. രണ്ട് ഔദ്യോഗിക അവധി ദിനങ്ങൾക്കിടയിൽ ഒരു പ്രവൃത്തി ദിനം ഉണ്ടെങ്കിൽ, അത് അവധി ദിനങ്ങളിലും ഉൾപ്പെടുത്തുമെന്നും ഗസറ്റിൽ വ്യക്തമാക്കി . എന്നാൽ പൊതുഅവധി ദിനങ്ങൾക്കിടയിൽ വാരാന്ത്യ അവധി വന്നാൽ, അത് ഔദ്യോഗിക അവധി ദിനത്തിൽ ഉൾപ്പെടുത്തുമെന്നും ഗസറ്റിൽ പറയുന്നു. ഖത്തറിൽ വെള്ളി , ശനി ദിവസങ്ങളാണ് വാരാന്ത്യ അവധി .