ദോഹ– സുഡാനിൽ രണ്ടര വർഷമായി നടക്കുന്ന കൂട്ടക്കൊലയും നരഹത്യയും അവസാനിപ്പിക്കാൻ രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഡാനിലെ എൽ-ഫാഷറിൽ നടന്ന അതിക്രമങ്ങൾ ഞങ്ങളെ ഞെട്ടിച്ചു. രാജ്യങ്ങളിലെ ഭരണസ്ഥിരതയെ കൃത്രിമമായി കൈകാര്യം ചെയ്യുന്നത് ഇത്തരം ദുരന്തങ്ങളിലേക്കും കൂട്ടക്കൊലയിലേക്കും നയിക്കുമെന്ന് തിരിച്ചറിയാൻ മറ്റൊരു തെളിവ് ആവശ്യമില്ല. പ്രശ്‌നം അവസാനിപ്പിക്കേണ്ട സമയമാണിതെന്നും ഖത്തർ അമീർ വ്യക്തമാക്കി.
ഫലസ്തീൻ ജനതക്ക് കൂടുതൽ പിന്തുണ നൽകാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനവും സ്ഥിരതയും ഇല്ലാതെ സാമൂഹിക വികസനം കൈവരിക്കുക അസാധ്യമാണ്, താൽക്കാലിക പരിഹാരമല്ല, സ്ഥിര പ്രശ്‌നപരിഹാരമാണ് സമാധാനമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇസ്രായേൽ അധിനിവേശവും മറ്റും മൂലമുണ്ടായ നാശത്തിൽ നിന്ന് കരകയറാൻ പലസ്തീൻ ജനതക്ക് എല്ലാവിധത്തിലുള്ള സഹായങ്ങളും ആവശ്യമാണെന്ന് പറയാതെ വയ്യെന്നും അമീർ കൂട്ടിച്ചേർത്തു.
സാമൂഹിക വികസനം ഒരു തിരഞ്ഞെടുപ്പല്ല, അത് ഒരു അസ്തിത്വപരമായ ആവശ്യകതയാണ്. എല്ലാവർക്കും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള ഒരു പ്രധാന അടിത്തറയായി സാമൂഹിക വികസനം മാറണം. അന്താരാഷ്ട്ര സമൂഹത്തിൽ ഖത്തർ ഒരു സജീവ പങ്കാളിയായി തുടരും, കൂടാതെ ഖത്തർ വികസന ഫണ്ടും ഖത്തർ ചാരിറ്റി അസോസിയേഷനുകളും വഴി നിരവധി രാജ്യങ്ങൾക്ക് ഖത്തർ നൽകുന്ന സഹായങ്ങളിലൂടെയും സംഭാവനകളിലൂടെയും സാമൂഹിക വികസനത്തിനുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങൾ തുടർന്നും പിന്തുണയ്ക്കുമെന്നും അമീർ വ്യക്തമാക്കി. ഇന്ന് രാവിലെ ആരംഭിച്ച സമ്മേളനം നവംബർ ആറിനാണ് സമാപിക്കുക.



