ദോഹ– ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഖത്തർ വിദേശകാര്യ മന്ത്രാലയം.
ഫലസ്തീനെ ഇനിയും ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യങ്ങളൊക്കെ അവരുടെ നിലപാടുകൾ തിരുത്തി, അന്താരാഷ്ട്ര നിയമം അംഗീകരിക്കണമെന്നും, ഫലസ്തീൻ ജനതയുടെ നിയമപരമായ, തർക്കങ്ങളില്ലാത്ത ഭൂമിസംബന്ധമായ അവകാശങ്ങൾക്ക് പിന്തുണ അറിയിക്കണമെന്നും ഖത്തർ ആഹ്വാനം ചെയ്തു.
ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രസ്താവന ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നേടാനുള്ള വലിയ പിന്തുണയാണ്. കൂടാതെ, ഇസ്രായിൽ അധിനിവേശം അവസാനിപ്പിക്കുകയും, 1967 ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ആവശ്യകതയെ ഇത് പ്രതിഫലിപ്പിക്കുന്നു. ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഫ്രാൻസിന്റെ ഈ പ്രഖ്യാപനം, യുഎൻ സുരക്ഷാസഭയുടെ പ്രമേയങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതവുമാണ് എന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രദേശത്ത് സമഗ്രമായ നീതിയും സമാധാനവും ഉറപ്പാക്കാൻ ഇത് സഹായകരമാകും എന്നും മന്ത്രാലയം വ്യക്തമാക്കി
ഖത്തർ ഏറെക്കാലമായി ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഉന്നയിച്ച് നിലപാട് സ്വീകരിച്ച രാജ്യമാണ്. ഫ്രാൻസിന്റെ പുതിയ നീക്കവും ഇത്തരമൊരു നീതിനിഷ്ഠമായ അന്താരാഷ്ട്ര സമീപനത്തിന് ശക്തി നൽകുമെന്നും ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്.