ദോഹ: പഹൽഗാമിൽ നടന്ന ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, തുടർന്നുള്ള സംഭവവികാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാടുകൾ അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി ലോക്സഭാ എംപി സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ദോഹയിൽ എത്തി. ഖത്തർ, ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ആദ്യ ഘട്ടമാണ് ഈ സന്ദർശനം.
ദോഹയിൽ, ഖത്തർ പ്രമുഖരുമായും മാധ്യമ-അക്കാദമിക് മേഖലകളിലെ പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തും. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണവും അതിനെ തുടർന്നുള്ള ഇന്ത്യയുടെ നടപടികളുമാണ് ചർച്ചയുടെ മുഖ്യ വിഷയം. പാർലമെന്റിന്റെ ഇരുസഭകളിലെയും എംപിമാർ, മുൻ മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെട്ടതാണ് ഈ സംഘം.
പഹൽഗാമിലെ ആക്രമണത്തിന് ശേഷം, മെയ് 6-ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോൺ വഴി സംഭവവികാസങ്ങൾ ചർച്ച ചെയ്തിരുന്നു. മെയ് 7-ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ ജാസിം അൽ-താനിയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ഫോണിൽ സംസാരിച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സുപ്രിയ സുലെ എംപിക്ക് പുറമെ, രാജീവ് പ്രതാപ് റൂഡി, വിക്രംജീത് സിംഗ് സാഹ്നി, മനീഷ് തിവാരി, അനുരാഗ് സിംഗ് താക്കൂർ, ലാവു ശ്രീകൃഷ്ണ ദേവരായലു എന്നീ എംപിമാർ, മുൻ വാണിജ്യ-വ്യവസായ മന്ത്രി ആനന്ദ് ശർമ, മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, യുഎന്നിലെ ഇന്ത്യയുടെ മുൻ സ്ഥിരം പ്രതിനിധി അംബ. സയ്യിദ് അക്ബറുദ്ദീൻ എന്നിവർ പ്രതിനിധിസംഘത്തിലുണ്ട്. ഭീകരതയുടെ വിപത്തിനെക്കുറിച്ചും പഹൽഗാമിലെ ആക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ നടപടികളെക്കുറിച്ചും സംഘം ഖത്തറിലെ വിവിധ മേഖലകളിലുള്ളവരുമായി ചർച്ച നടത്തും.