ദോഹ: ഖത്തറിലെ സാമൂഹിക സാംസ്‌കാരിക വേദികളില്‍ നാട്ടുപാട്ടുകളുടെ പ്രചാരണവും അവതരണങ്ങളും നടത്തി വരുന്ന ‘കനല്‍ ഖത്തര്‍’ നാടന്‍പാട്ട് കൂട്ടായ്മ സംഘടിപ്പിക്കുന്ന നാടന്‍പാട്ടുകളുടെ മഹോത്സവമായ ‘ വാമൊഴിയാട്ടം 2026 ‘ല്‍ മുഖ്യാതിഥിയായി പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പങ്കെടുക്കും. അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാഹാളില്‍ നാളെ (ഫെബ്രുവരി 6) വൈകീട്ട് നാലിനാണ് ചടങ്ങ്.
ഈ വര്‍ഷത്തെ കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌കാരം നാടന്‍പാട്ട് മേഖലയിലെ പ്രശസ്തനായ കണ്ണൂര്‍ സ്വദേശി റംഷി പട്ടുവത്തിന് കൈമാറും. നാടന്‍ കലകലാ മേഖലയിലെ അതുല്യ സംഭാവന പരിഗണിച്ചാണ് ആദരം. മൂന്നാമത്തെ വര്‍ഷമാണ് ഈ പുരസ്‌കാര ദാന ചടങ്ങ് നടക്കുന്നത്. പരിപാടിയുടെ മുഖ്യ ആകര്‍ഷണമായ ഇന്റര്‍-സ്‌കൂള്‍ നാടന്‍പാട്ട് മത്സരത്തില്‍ ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കുട്ടികളെ നാട്ടുപാട്ടുകളുടെ ലോകത്തേക്ക് പ്രചോദിപ്പിക്കുകയും നമ്മുടെ പാരമ്പര്യഗാനങ്ങളെ പുതു തലമുറയില്‍ എത്തിക്കുകയും ചെയ്യുന്നതിനായി കനല്‍ ഖത്തര്‍ ഒരുക്കുന്ന മത്സര പരിപാടിയാണിത്. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മികച്ച തനത് നാടന്‍പാട്ടുകളുടെ മനോഹര അനുഭവങ്ങളായിരിക്കും ഈ മത്സരമെന്ന് സംഘാടകര്‍ അറിയിച്ചു.



