ദോഹ– ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിലുള്ള ഇസ്‌ലാമിക് സ്റ്റഡി സെന്റർ മദീനത്ത് ഖലീഫ മദ്‌റസ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2024–2025 അധ്യയന വർഷത്തിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികളുടെയും യഖീൻ ആദ്യ ബാച്ചിലെ (2023–2025) വിദ്യാർത്ഥികളെയുമാണ് ചടങ്ങിൽ ആദരിച്ചത്.
കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഡോക്ടർ ജമാലുദ്ദീൻ ഫാറൂഖി പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഷമീർ വി.ടി, ജനറൽ സെക്രട്ടറി അബ്ദുൾ അലി ചാലിക്കര, വൈസ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് നല്ലളം, സെക്രട്ടറി ഹമീദ് ആര്യമ്പത്ത്, പി.ടി.എ ചെയർമാൻ അസ്കർ റഹ്മാൻ, മദ്രസ ചെയർമാൻ ഷാഹിർ എം.ടി എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. മദ്‌റസാ വിദ്യാഭ്യാസ മേഖലയിൽ ഇസ്‌ലാഹി സെന്റർ നൽകുന്ന മികച്ച സേവനത്തെ കുറിച്ച് ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഷമീർ വി.ടി വിശദീകരിച്ചു. മാതാപിതാക്കളുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
യുവ പണ്ഡിതൻ മുഹമ്മദലി ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപ്രകടനങ്ങളും അരങ്ങേറി. ബിരുദദാനത്തിന്റെ ഭാഗമായി രണ്ട് വർഷത്തെ യഖീൻ കോഴ്‌സിന് നേതൃത്വം നൽകിയ അബ്ദുൾ കരീം ആക്കോട് കോഴ്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ഇസ്‌ലാമിക വിശ്വാസം ശക്തിപ്പെടുത്തുന്നതിലും വെല്ലുവിളി നിറഞ്ഞ ചുറ്റുപാടിൽ യുവതലമുറയ്ക്ക് വ്യക്തതയും ആത്മവിശ്വാസവും നൽകുന്നതിന് കോഴ്‌സ് വലിയ പങ്ക് വഹിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട യഖീൻ വിദ്യാർത്ഥികൾ തങ്ങളുടെ ഫൈനൽ പ്രോജക്റ്റുകൾ അവതരിപ്പിച്ചു. “ഇസ്‌ലാമിലെ വിധികളും നിരോധനങ്ങളും” എന്ന വിഷയത്തിൽ ഫിസ തസ്മീനും സിദ്റ ഷമീറും, “ധനം സമ്പാദിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഉള്ള ഇസ്‌ലാമിക മാർഗം” എന്ന വിഷയത്തിൽ നജാ ഫാത്തിമയും ലാമി ഹസനും അവതരിപ്പിച്ച പ്രോജക്റ്റുകൾ ശ്രദ്ധ നേടി.
മദ്രസ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും കുട്ടികളുടെ ഇസ്‌ലാമിക വിദ്യാഭ്യാസത്തിൽ സജീവ പങ്കാളികളായി തുടരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രിൻസിപ്പൽ അബ്ദുൾ റഹ്മാൻ സലഫി സംസാരിച്ചു. മദീന ഖലീഫ മദ്രസയിലെ ആറാം ക്ലാസ് വിദ്യാർത്ഥിയും എഴുത്തുകാരനുമായ ഷഹാൻ സഫ്‌വാനെ ചടങ്ങിൽ ആദരിച്ചു.
മദ്രസ മാനേജ്‌മെന്റ്, അധ്യാപകർ, മറ്റു സ്റ്റാഫ് അംഗങ്ങൾ, പി.ടി.എ പ്രതിനിധികൾ, ബഷീർ അൻവാരി, റഷീദ് കണ്ണൂർ, ഡോ. റസീൽ, അഹമ്മദ് മുസ്തഫ, ജസീറ റിയാസ്, ലുബ്ന ഷാഹിർ, ജമീല നാസ്സർ, അലി റഷാദ്, നൗഷാദ് ചാലിൽ, റിയാസ് കെ.ടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുഹമ്മദ് ഉമർ ഫാറൂഖ് ഖിറാഅത്ത് നടത്തിയ പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ സഹീർ കെ സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷഹർബാനു ഇംതിയാസ് നന്ദിയും പറഞ്ഞു.



