ദോഹ- പ്രമുഖ ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തകനും കലാസംഘാടകനുമായിരുന്ന ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസയുടെ ഓര്‍മ്മയ്ക്കായി ആദ്യ സംരംഭം പെരിന്തല്‍മണ്ണയില്‍. ഈസക്ക എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ചാരിറ്റി ടവര്‍ ആണ് നിര്‍മ്മിക്കുന്നത്. പെരിന്തല്‍മണ്ണ സിഎച്ച് സെന്റററുമായി സഹകരിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. പെരിന്തല്‍മണ്ണയില്‍ 15 സെന്റ് സ്ഥലത്താണ് 5 കോടി രൂപ ചെലവില്‍ അപ്പാര്‍ട്‌മെന്റ് നിലവില്‍ വരികയെന്നും ഇതിന്റെ വരുമാനം പെരിന്തല്‍മണ്ണ സിഎച്ച് സെന്ററിനായി നല്‍കുമെന്നും ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സവാദ് വെളിയങ്കോട് ‘ദി മലയാളം ന്യൂസി’ ട് പറഞ്ഞു. ”മാസത്തില്‍ ചുരുങ്ങിയത് 2 ലക്ഷം രൂപ വരുമാനം കിട്ടാനുതകുന്ന രൂപത്തിലാണ് അപ്പാര്‍ട്‌മെന്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈസക്ക ഏറെ താത്പര്യമെടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും അദ്ദേഹം ട്രഷററായി പ്രവര്‍ത്തിക്കുകയും ചെയ്ത പെരിന്തല്‍മണ്ണ സിഎച്ഛ് സെന്ററിന് ഒരു സ്ഥിര വരുമാനമെന്നതാണ് ലക്ഷ്യം.” അദ്ദേഹം വിശദീകരിച്ചു.
ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈസക്ക ചാരിറ്റി ടവര്‍ പ്രഖ്യാപന സമ്മേളനം ജൂലൈ നാലിന് വെള്ളിയാഴ്ച ദോഹയില്‍ നടക്കും. വൈകീട്ട് 7.00 മണിക്ക് ദോഹ അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ. സൈനുല്‍ ആബിദീന്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ മുസ്തഫ, വിവിധ സംഘടനാ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.