ദോഹ: അന്താരാഷ്ട്ര നിയമങ്ങളുടെ ഇരട്ടത്താപ്പ് ഇസ്രായിലിനെ ആക്രമണങ്ങൾ തുടരാൻ അനുവദിക്കുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. സ്വയം പ്രതിരോധത്തിന്റെ മറവിൽ ഇസ്രായിൽ വംശീയ ഉന്മൂലന കുറ്റകൃത്യങ്ങൾ നടത്തുകയാണെന്നും, ഇതിനെ നേരിടാൻ അറബ്, ഇസ്‌ലാമിക രാജ്യങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൺ, ദോഹയിലെ ഇസ്രായിൽ ആക്രമണം മധ്യസ്ഥതയും സംഭാഷണത്തിലൂടെയുള്ള പരിഹാരങ്ങളും തകർക്കാനുള്ള ശ്രമമാണെന്ന് വിമർശിച്ചു. “അപലപന പ്രസ്താവനകൾ ജനങ്ങളെ മടുപ്പിക്കുന്നു. ദോഹ ആക്രമണത്തിന്റെ യാഥാർഥ്യം വ്യക്തമാണ്, അതിനെ വെല്ലുവിളിക്കേണ്ടത് അതേപോലെ വ്യക്തമായിരിക്കണം. യു.എൻ ജനറൽ അസംബ്ലിയിൽ ഏകീകൃത നിലപാടോടെ അറബ് സമാധാന പദ്ധതി അനുസരിച്ച് പശ്ചിമേഷ്യയിൽ സമാധാനത്തിന് തയ്യാറാണെന്ന് ലോകത്തോട് പ്രഖ്യാപിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ദോഹ ആക്രമണത്തിനു ശേഷം ഇസ്രായിലിന് സുരക്ഷയിലും സ്ഥിരതയിലും പങ്കാളിയാകാൻ കഴിയില്ലെന്ന് പ്രസ്താവിച്ചു. “ഇസ്രായിലിനെ അതിന്റെ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദിയാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഞങ്ങൾ ആവശ്യപ്പെടുന്നു. വംശഹത്യ, കുടിയിറക്കൽ, ഭൂമിയും സമ്പത്തും കവർച്ച എന്നിവ തടയുകയും, 1967-ലെ അതിർത്തികളിൽ കിഴക്കൻ ജറൂസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും, ഇസ്രായിൽ അധിനിവേശം അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഏക മാർഗം,” അദ്ദേഹം വ്യക്തമാക്കി.
ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയാഅ് അൽസൂദാനി, അപലപനങ്ങളിൽ നിന്ന് ശക്തവും ഏകോപിതവുമായ അറബ് നടപടികളിലേക്ക് നീങ്ങണമെന്ന് ആവശ്യപ്പെട്ടു. “ഏതൊരു അറബ്, ഇസ്‌ലാമിക രാജ്യത്തിന്റെയും സുരക്ഷയും സ്ഥിരതയും കൂട്ടായ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്. ദോഹ ആക്രമണം അസ്ഥിരതയിലേക്കും അക്രമത്തിന്റെ ചക്രത്തിലേക്കും വാതിൽ തുറക്കുന്നു. ഇത് സമാധാന പരിഹാരങ്ങൾക്ക് മാരകമായ സന്ദേശം നൽകുന്നു. ഇസ്രായിലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്,” അദ്ദേഹം പറഞ്ഞു.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, ഇസ്രായിൽ മേഖലയെ ആക്രമണത്തിന്റെ സ്വതന്ത്ര വേദിയാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും, ഇത് മുഴുവൻ മേഖലയുടെ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചു. “ദോഹയിലെ ആക്രമണം അന്താരാഷ്ട്ര സമാധാനത്തിന്റെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനമാണ്. ഇത് അപകടകരമായ മാതൃക സൃഷ്ടിക്കുകയും അറബ്, ഇസ്‌ലാമിക ദേശീയ സുരക്ഷയെ അപായപ്പെടുത്തുകയും ചെയ്യുന്നു,” അദ്ദേഹം വിമർശിച്ചു.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഇസ്രായിലിന്റെ പ്രത്യയശാസ്ത്രം ഭീകരതയെ പോഷിപ്പിക്കുകയും അന്താരാഷ്ട്ര സ്ഥിരതയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തി. “സമാധാനം തേടുന്ന മധ്യസ്ഥ രാഷ്ട്രമായ ഖത്തറിനെ ലക്ഷ്യം വെച്ചുള്ള ആക്രമണം, മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഇസ്രായിലിന്റെ ഗ്രേറ്റർ ഇസ്രായിൽ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ സഹകരണം വികസിപ്പിക്കാനും, ഇസ്രായിലിനു മേൽ സാമ്പത്തിക സമ്മർദം ചെലുത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായിലിന്റെ വിപുലീകരണ ലക്ഷ്യങ്ങളെ പരാജയപ്പെടുത്താനും മുസ്‌ലിം സമുദായത്തിന് ശേഷിയുണ്ട്. രാഷ്ട്രങ്ങളുടെ പരമാധികാരത്തിനെതിരായ ആക്രമണങ്ങൾ അസ്വീകാര്യമാണ്, അവ ഉടൻ നിർത്തണം,” അദ്ദേഹം ആവശ്യപ്പെട്ടു.