ദോഹ– മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഊർജ്ജ സുരക്ഷയും ഉഭയകക്ഷി ബന്ധവും ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഖത്തറിൽ ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് ഷെരീദ അൽ കാബിയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഊർജ മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് കൂടിക്കാഴ്ചയിൽ ഇവർ സംസാരിച്ചു. ഇന്ത്യക്ക് ഊർജം നൽകുന്നത് ഖത്തർ തടസ്സങ്ങൾ ഇല്ലാതെ തുടരുമെന്നും സഅദ് ബിൻ ഷെരിദ അൽ കഅബി വ്യക്തമാക്കി.
ഊർജ്ജം, വ്യാപാരം, നിക്ഷേപം, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ തന്ത്രപ്രധാനമായ ബന്ധം ഇരുരാജ്യങ്ങളും വിലയിരുത്തി. അന്താരാഷ്ട്ര ഊർജ്ജ വിപണിയിലെ തടസ്സങ്ങൾ നീക്കി സാധാരണ നില പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ഇരുമന്ത്രിമാരും ഊന്നിപ്പറഞ്ഞു. കടൽ വഴിയുള്ള വ്യാപാര ഗതാഗതം തടസ്സമില്ലാതെ നടക്കേണ്ടത് ആഗോള വിതരണ ശൃംഖലയ്ക്ക് അനിവാര്യമാണെന്ന് കൂടിക്കാഴ്ചയിൽ ചൂണ്ടികാണിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിച്ച് ഇന്ത്യ ഖത്തർ ബന്ധം കൂടുതൽ ശക്തമാകുമെന്നും ഇവർ വ്യക്തമാക്കി.
ഏപ്രിൽ എട്ടിന് പ്രാബല്യത്തിൽ വന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ തീരുമാനത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. മേഖലയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ, ഊർജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഹർദീപ് സിങ് പുരിയുടെ രണ്ട് ദിവസത്തെ ഖത്തർ സന്ദർശനം.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും കഴിഞ്ഞ മാസം നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ തുടർച്ചയായിരുന്നു ഈ സന്ദർശനം. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ ഖത്തർ നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രിയുടെ നന്ദിയും ഐക്യദാർഢ്യവും ഹർദീപ് സിംഗ് പുരി ഖത്തർ നേതൃത്വത്തെ അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിനും അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി.



