ദോഹ– ഇൻകാസ് ഖത്തറിൻ്റെ പുതിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റെടുത്തു. ന്യൂസലാത്തയിലെ മോഡേൺ ആർട്സ് സെൻ്ററിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹന്‍റെ നേതൃത്വത്തില്‍ നടന്ന പ്രഥമ സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികള്‍ അധികാരമേറ്റത്. പ്രസിഡൻ്റ് സിദ്ധിഖ് പുറായിൽ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ട്രഷറർ ജീസ് ജോസഫ്, ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല എന്നിവരെ പി.ടി. അജയ് മോഹൻ ഹാരമണിയിച്ച് ചുമതല കൈമാറി.
ഇൻകാസ് രക്ഷാധികാരി കെ.കെ. ഉസ്മാൻ സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രസിഡൻ്റ് സിദ്ധീഖ് പുറായിൽ തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ, ഇൻകാസ് ഖത്തറിനെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുവാൻ താൻ പ്രതിഞ്ജാബദ്ധനാണെന്ന് വ്യക്തമാക്കി. ഇൻകാസ് ഖത്തറിൻ്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഏവരുടെയും സഹായം ഉണ്ടാവണമെന്ന് കെ.വി. ബോബൻ അഭ്യർത്ഥിച്ചു. ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല, ഇൻകാസ് ഖത്തറിൻ്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
രക്ഷാധികാരികളായ കെ.കെ. ഉസ്മാൻ, ജോപ്പച്ചൻ തെക്കെക്കൂറ്റ്, ജോൺ ഗിൽബർട്ട്, മുഹമ്മദ് ഷാനവാസ് എന്നിവർ ചേർന്ന് പി.ടി. അജയ് മോഹനെ ബൊക്കെ നല്കി ആദരിച്ചു.ട്രഷറർ ജീസ് ജോസഫ് നന്ദി പറഞ്ഞു, വർഷങ്ങളായി ഇരു ചേരിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന കമ്മിറ്റി കെപിസിസി മുൻകൈയെടുത്ത് ഒന്നിപ്പിക്കുകയും കഴിഞ്ഞദിവസമാണ് കെപിസിസി പ്രസിഡന്റ് ഭാരവാഹികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്.



