ദോഹ – കരുണയോടെയുള്ള ആരോഗ്യ സംരക്ഷണവും, ലക്ഷ്യ ബോധത്തോടെയുള്ള സേവനവും എന്ന പ്രമേയത്തിൽ ഐ.സി.ബി.എഫ്. 53-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഖോർ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി സാധാരണ പ്രവാസി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന, കൺസൾട്ടേഷൻ, മരുന്നുകൾ എന്നിവ ലഭ്യമാക്കി. ജനറൽ മെഡിസിൻ, പല്ല് (ഡെന്റൽ സ്ക്രീനിങ്), എന്നീ വിഭാഗങ്ങളിൽ കൺസൾട്ടേഷനുകൾക്കൊപ്പം സൗജന്യ രക്ത പരിശോധനയും ലഭ്യമായിരുന്നു. ഒരു മാസക്കാലത്തേക്ക് സൗജന്യ തുടർ ചികിത്സാസൗകര്യവും ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഡോ വൈഭവ് തണ്ഡലേ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാനവാസ് ബാവയുടെ അധ്യക്ഷത വഹിച്ചപ്പോൾ ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതം പറഞ്ഞു. മെഡിക്കൽ വിങ് ചുമതലയുള്ള എംസി അംഗം മിനി സിബി നന്ദിയും അറിയിച്ചു.
ഐ.സി.ബി.എഫ്. വൈസ് പ്രസിഡന്റ് റഷീദ് അഹ്‌മദ്, സെക്രട്ടറി ജാഫർ തയ്യിൽ, എം.സി അംഗങ്ങളായ മണി ഭാരതി, ഇർഫാൻ അൻസാരി, അമർ സിംഗ്, ശങ്കർ ഗൗഡ്, ഖാജാ നിസാമുദ്ദീൻ ഉപദേശക സമിതി അംഗങ്ങളായ നാസിയ, സതീഷ് വിളവിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നസീം ഹെൽത്ത് കെയർ പ്രതിനിധി മുഖ്‌താർ, മെഡിക്കൽ ഡയറക്ടർ ഡോ സഫീർ അഷ്‌റഫ് എന്നിവർ ആശംസകൾ നേർന്നു.