ദോഹ – ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി ഐ.സി.ബി.എഫ് നടത്തുന്ന നിരന്തര സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ‘ഡിജിറ്റൽ ഡീറ്റോക്സ്’ എന്ന പേരിൽ പ്രത്യേക പഠന പരിപാടി സംഘടിപ്പിച്ചു. കാഞ്ചാണി ഹാളിൽ, വിവിധ അസോസിയേറ്റഡ് ഓർഗനൈസേഷൻ പ്രതിനിധികളുടെയും കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തിൽ നിറഞ്ഞ സദസ്സിൽ നടന്ന പരിപാടി സദസ്യർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
സന്ദർശനാർത്ഥം ഖത്തറിലെത്തിയ വിദ്യാഭ്യാസ വിദഗ്ധയും നൂതന സാങ്കേതിക വിദ്യകളായ എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നീ മേഖലകളിലെ വിദഗ്ദ്ധയുമായ ഡോ. ശ്രേയാ ചതോപാദ്ധ്യായ പഠന ക്ലാസ്സിന് നേതൃത്വം നൽകി. ലണ്ടൻ ആസ്ഥാനമായ ഡി.കെ ഇവന്റസിന്റെ ദേശീയ വനിതാ എക്സലൻസ് അവാർഡ് ജേതാവും വിവിധ വിദ്യാഭ്യാസ സംരംഭങ്ങളുടെ അധിപയുമായ ശ്രേയ ദേശീയ തലത്തിൽ സൈനികർക്കും മറ്റും പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ഇന്ത്യൻ എംബസിഫസ്റ്റ് സെക്രട്ടറി (തൊഴിൽ, കമ്മ്യൂണിറ്റി വെൽഫെയർ, വിസ, ഒഐസി) & ഐസിബിഎഫ് കോഓർഡിനേറ്റിങ് ഓഫീസറായ ഡോ. ഈഷ് സിങാൾ മുഖ്യ അതിഥിയായി പങ്കെടുത്തു. മൊബൈൽ ഫോൺ, സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങി നമ്മെ ബാധിക്കുന്ന ജ്വരങ്ങളിൽ നിന്നും മുക്തി നേടാനുള്ള വഴികളും അവയെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള രീതികളും സ്വാനുഭവത്തിന്റെയും പഠനങ്ങളുടെയും വെളിച്ചത്തിൽ സദസ്യർക്ക് പകർന്ന് നൽകി.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗം നടത്തി. അഡ്വൈസറി കൗൺസിൽ ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, മറ്റു വിവിധ സമൂഹ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് അതിഥിയായ ഡോ. ശ്രേയയെ പരിചയപ്പെടുത്തി. പ്രസിഡണ്ട് ഷാനവാസ് ബാവ അതിഥിക്ക് മെമന്റോ നൽകി ആദരിച്ചു. സെക്രട്ടറി ജാഫർ തയിൽ നന്ദിപ്രസംഗം നടത്തി. എം.സി അംഗങ്ങളായ മണി ഭാരതി, ശങ്കർ ഗൗഡ്, ഇർഫാൻ അൻസാരി, മിനി സിബി, ഖാജാ നിസാമുദ്ദീൻ, നീലാംബരി എസ് അഡ്വൈസറി കൗൺസിൽ അംഗം സതീഷ് വി. എന്നിവർ നേതൃത്വം നൽകി.



