ദോഹ: ഖത്തർ പ്രവാസികളായ മലയാളി ദമ്പതികളുടെ എസ്.എം.എ ബാധിതയായ മൽഖ റൂഹിക്കു മരുന്നെത്തിക്കാൻ ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ 1.16 കോടി റിയാൽ ധനശേഖരണത്തിന് പിന്തുണ നൽകി സംസ്കൃതി ഖത്തർ. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 125112 ഖത്തർ റിയാൽ ഭാരവാഹികൾ ഖത്തർ ചാരിറ്റി അധികൃതർക്ക് കൈമാറി.
ലുസൈൽ ഖത്തർ ചാരിറ്റി ഓഫീസിൽ സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രസിഡന്റ് സാബിത് സഹീർ എന്നിവരിൽനിന്ന് ഖത്തർ ചാരിറ്റി റിസോഴ്സ് ഡവലപ്പ്മെന്റ് വിഭാഗം ഡയറക്ടർ അലി അൽ ഗരീബ് ചെക്ക് സ്വീകരിച്ചു. സെക്രട്ടറി അബ്ദുൽ അസീസ്, സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറി കെ. ജലീൽ, മുൻ പ്രസിഡന്റുമാരായ എ.സുനിൽ ,അഹമ്മദുകുട്ടി,സംസ്‌കൃതി കേന്ദ്ര കമ്മറ്റിഅംഗങ്ങളായ ഡോ:പ്രതിഭ രതീഷ്, ജിജേഷ് ,സതീഷ് എന്നിവർ പങ്കെടുത്തു
സംസ്‌കൃതിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ബിരിയാണി ചലഞ്ചിൽ പതിനൊന്നു യൂണിറ്റുകൾ നാനൂറോളം വളന്റിയേർസിന്റെ സഹകരണത്തോടെ 9258 ബിരിയാണി പൊതികൾ വിതരണം ചെയ്തു.
കൂടാതെ സംസ്കൃതി അംഗത്തിന്റെ പ്രതിദിന സാലറി സംഭാവന ചെയ്യുന്ന സാലറി ചലഞ്ച് ,ആർട്ട് എക്സിബിഷനുകൾ,തുടങ്ങി വിവിധ ചികിത്സാധന സമാഹരണ പരിപാടികളിലൂടെ തുക കണ്ടെത്തുമെന്നും സംസ്കൃതി ഭാരവാഹികൾ അറിയിച്ചു. ജൂൺ പത്തു വരെ ഖത്തർ ചാരിറ്റിയുടെ മൽഖ റൗഹി ചികിത്സ നിധിയിലേയ്ക്ക് ഒരു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തി ഒരുന്നൂറ്റിഅറുപത്തിരണ്ടു ഖത്തർ റിയാലാണ് ഇതുവരെ സംസ്‌കൃതി നൽകിയത്.