ദോഹ– ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫിഫ ഏഷ്യന്‍ യോഗ്യതാ മത്സരത്തിനൊടുവില്‍ 2026 ലോകകപ്പിലേക്ക് യോഗ്യത നേടിയ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് അഭിവാദ്യങ്ങളര്‍പ്പിച്ച് രാജ്യം മുഴുക്കെ ആഹ്ലാദം. വാഹനങ്ങളില്‍ ഖത്തര്‍ പതാകയേന്തി യുവാക്കള്‍ ഖത്തറിന് ജയ് വിളിച്ചു. ദോഹ കോര്‍ണിഷില്‍ ഒത്തുചേര്‍ന്ന് മധുരം പങ്കുവെക്കുന്നവരും തുറന്ന വാഹനങ്ങളില്‍ ഗാനങ്ങളുടെ അകമ്പടിയോടെ ആവേശഭരിതരാവുന്നവരേയും കാണാമായിരുന്നു. അതിനിടെ രാജ്യത്തകത്ത് നിന്നും പുറത്ത് നിന്നും ഖത്തറിന് അഭിനന്ദനപ്രവാഹമെത്തുകയാണ്. വിവിധ രാഷ്ട്ര നേതാക്കളും കായിക രംഗത്തെ പ്രഗത്ഭരും ഇതിനകം പ്രശംസ അറിയിച്ചിട്ടുണ്ട്.
2026 ഫിഫ ലോകകപ്പിലേക്ക് ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീം പ്രവേശനം നേടിയത് രാജ്യത്തിന്റെ കായിക ചരിത്രത്തിലെ മറ്റൊരു അഭിമാന നിമിഷമാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എക്‌സില്‍ കുറിച്ചു. ടീമിന്റെ സമര്‍പ്പണവും ആത്മവിശ്വാസവും അവരുടെ വിജയം ഉറപ്പിച്ചതായി അമീര്‍ പ്രത്യേകം പരാമര്‍ശിച്ചു. ലോകകപ്പില്‍ ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകട്ടെയെന്ന് അമീര്‍ ആശംസിച്ചു. ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും കഴിഞ്ഞ ദിവസം ഖത്തറിനെ അഭിനന്ദിച്ചു.
2022-ല്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച എഡിഷനായി ഖത്തര്‍ ആതിഥേയത്വം വഹിച്ചുവെന്നും, ഈ തവണ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളിലൂടെ നേരിട്ട് ഫൈനലില്‍ പ്രവേശിച്ചതിലൂടെ ഖത്തര്‍ ചരിത്ര നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
”2022-ല്‍ ഖത്തര്‍ ലോകകപ്പ് ചരിത്രത്തിലെ മികച്ച ടൂര്‍ണമെന്റ് ആതിഥേയത്വം വഹിച്ചു. ഇപ്പോള്‍ നിങ്ങളുടെ ടീം വീണ്ടും ലോക വേദിയിലേക്ക് മടങ്ങിയെത്തുകയാണ് അതിയായ ആഗ്രഹവും വളര്‍ച്ചയുമാണിത് എടുത്തുകാണിക്കുന്നത്. ഇതാദ്യമായാണ് ഖത്തര്‍ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ വഴി നേരിട്ട് ലോകകപ്പിലേക്ക് പ്രവേശിക്കുന്നത്. ഫുട്‌ബോള്‍ രംഗത്ത് ഇത് മഹത്തായ നേട്ടമാണ്. 2026-ല്‍ ഉത്തര അമേരിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ ഖത്തറിലെ ആരാധകര്‍ ആവേശഭരിതരാവും. ആ മത്സരങ്ങള്‍ വര്‍ണ്ണാഭമാവും. നിങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ അടുത്ത അദ്ധ്യായത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിയുന്ന നിമിഷമെത്തിയിരിക്കുന്നു.” ഇന്‍ഫാന്റിനോ വിശദീകരിച്ചു.
ചൊവ്വാഴ്ച നടന്ന ഏഷ്യന്‍ യോഗ്യതാ മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് യുഎഇയെ 21ന് തോല്‍പ്പിച്ച് ഖത്തര്‍ ലോകകപ്പിന് യോഗ്യത സമ്പാദിച്ചത്. ഈ വിജയത്തോടെ ഖത്തര്‍, തുടര്‍ച്ചയായി രണ്ടാമത്തെ തവണ ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം നേടിയിരിക്കുകയാണ്. ഇന്നലെ നടന്ന ഏഷ്യന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ യുഎഇയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ടീം യോഗ്യത നേടിയത്. ഖത്തറിനായി ബൗലം ഖൂഖി, പെഡ്രോ മിഗ്വല്‍ എന്നിവര്‍ ഗോള്‍ നേടി. 49 -ാം മിനിറ്റില്‍ ബൗലം ഖൂഖിയാണ് ആദ്യ ഗോള്‍ കണ്ടെത്തിയത്. 74-ാം മിനിറ്റില്‍ പെഡ്രോയാണ് രണ്ടാം ഗോള്‍ നേടി. സുല്‍ത്താന്‍ അദ്ലാണ് യുഎഇയുടെ ആശ്വാസ ഗോള്‍ നേടിയത്. 88ാം മിനിറ്റില്‍ ഖത്തര്‍ താരം താരിഖ് സല്‍മാന് ചുവപ്പുകാര്‍ഡ് കണ്ടു. യുഎഇ മധ്യനിര താരം എറികിനെ ഫൗള്‍ ചെയ്തതിനാണ് കാര്‍ഡ്. സമനില നേടിയാല്‍ പോലും യുഎഇക്ക് ലോകകപ്പ് യോഗ്യത നേടാമായിരുന്നു. 2026ല്‍ യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
കായിക മേഖലയിലെ സ്ഥിരമായ നിക്ഷേപങ്ങളും യുവതാരങ്ങള്‍ക്ക് ലഭിച്ച മികച്ച പരിശീലന സൗകര്യങ്ങളും ഇത്തവണത്തെ ഖത്തറിന്റെ വിജയത്തിന് പിന്നില്‍ നിര്‍ണായകമായതായി കായിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഖത്തറിന്റെ ഈ നേട്ടം, 2022-ല്‍ ആതിഥ്യമരുളിയ ലോകകപ്പിന് ശേഷമുള്ള രാജ്യത്തിന്റെ കായിക വളര്‍ച്ചയും പ്രതിബദ്ധതയും വീണ്ടും തെളിയിക്കുന്നതാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നുമുണ്ട്.