ദോഹ– സാഹിത്യ സംവാദവും സംഗീത ആസ്വാദനവും കോർത്തിണക്കി ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സംഘടിപിച്ച ദോഹ ലിറ്റററി ഫെസ്റ്റിന് സമാപനം കുറിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറ്റിഅൻപതോളം സാഹിത്യ പ്രേമികൾ പങ്കെടുത്ത സാഹിത്യ ചർച്ചകളും ശില്പശാലകളും വേദിയിൽ അരങ്ങേറി. സമാപന സമ്മേളനത്തിന് ശേഷം നടന്ന സംഗീത സായാഹ്നം സൂഫി സംഗീതത്തിന്റെ പേമാരിവർഷമായി . ഭാഷയും സാഹിത്യവും സംഗീതവും സംവാദങ്ങളുമായി രണ്ടുനാൾ നിറഞ്ഞുനിന്ന ഖിയാഫ് – ഡി.എൽ.എഫ് സാഹിത്യോത്സവം ഖത്തറിലെ വളർന്നു വരുന്ന എഴുത്തുകാർക്കും സാഹിത്യ പ്രവർത്തകർക്കും പുതിയ അനുഭവമായി മാറി. ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം അബൂഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്റ്റ് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
സാഹിത്യം കാലാതിവർത്തിയാവുന്നത് അത് ഭയത്തെയും അധികാരത്തെയും മറികടന്ന് ദുർബ്ബലരുടെ ശബ്ദമാവുകയും മനുഷ്യരുടെ നീതിബോധത്തോട് സംവദിക്കുകയും ചെയ്യുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. കവിയും വിവർത്തകനുമായ കെ.ടി സൂപ്പി, എഴുത്തുകാരനും സാഹിത്യാധ്യാപകനുമായ ഡോ. അശോക് ഡിക്രൂസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സമാപന ചടങ്ങ് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ. ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു. ഖിയാഫ് പ്രസിഡന്റ് ഡോ. സാബു കെ.സി അധ്യക്ഷത വഹിച്ചു . പ്രൊഫ. കെ. ഇ. എൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതവും
ഡി.എൽ.എഫ് ജനറൽ കൺവീനർ തൻസീം കുറ്റ്യാടി നന്ദിയും പറഞ്ഞു. നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി. റപ്പായി, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, ഖിയാഫ് സെക്രട്ടറിമാരായ മജീദ് പുതുപ്പറമ്പ്, ഷംന ആസ്മി, വൈസ് പ്രസിഡന്റ് അഷ്റഫ് മടിയാരി, ശോഭാ നായര്‍, പ്രദോഷ് കുമാർ, കെ.പി ഇഖ്ബാൽ എന്നിവർ സംസാരിച്ചു. വിവിധ മുഖാമുഖ സെഷനുകൾ സ്മിത ആദർശ്, സുബൈർ വെള്ളിയോട്, ഷംല ജഹ്ഫർ, ഷമിന ഹിഷാം എന്നിവർ നിയന്ത്രിച്ചു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ജന. സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, അബ്ദുറഊഫ് കൊണ്ടോട്ടി, ഹബീബ് റഹ്മാൻ കിഴിശ്ശേരി, മീഡിയ പെൻ മാനേജർ ബിനു കുമാര്‍, ഖിയാഫ് ട്രഷറർ അന്‍സാര്‍ അരിമ്പ്ര, മന്‍സൂര്‍ മൊയ്തീന്‍, അൻവർ ബാബു, മുരളി വാളൂരാൻ, സുരേഷ് കൂവാട്ട്, മിനി സിബി, ലിപ്സി സാബു, മജീദ് നാദാപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. ഖിയാഫ് അംഗങ്ങളുടെ ഏഴ് പുസ്തകങ്ങൾ ഫെസ്റ്റിൽ പ്രകാശനം ചെയ്തു.
കേരളത്തിൽ നിന്നെത്തിയ പ്രമുഖ ഗസൽ-ഖവാലി ഗായകരായ സമീർ ബിൻസി-ഇമാം മജ്ബൂർ സംഘം ഒരുക്കിയ സംഗീതനിശയോടെയാണ് ഡി.എൽ.എഫ് സാഹിത്യോത്സവത്തിന് തിരശീല വീണത്.



